തൃശൂർ: തൃശൂർ പൂരം കലക്കിയ സംഭവത്തിനെ കുറിച്ചുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും പറയുന്നത് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ്. പൂരം കലങ്ങിയത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് എ.ഡി.ജി.പി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്.സംഭവത്തിൽ ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല.അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് അന്വേഷണ റിപ്പോർട്ട്.
പൂരം ഏകോപനത്തിൽ കമ്മീഷണർക്ക് വീഴ്ച പറ്റി. പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എം.ആർ അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അതെസമയം കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാവില്ലെന്നായിരുന്നു വി.എസ്. സുനിൽ കുമാറിന്റെ പ്രതികരണം.