സര്‍വീസില്‍നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പ് പങ്കുവെച്ച് ബിജു പ്രഭാകര്‍ ഐ.എ.എസ്. 35 വര്‍ഷത്തെ സ്വകാര്യ, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനത്തിലെ അനുഭവങ്ങളും അച്ഛനും മന്ത്രിയുമായിരുന്ന തച്ചാടി പ്രഭാകരനുമായി ബന്ധപ്പെട്ട ഓര്‍മകളുമാണ് കുറിപ്പില്‍ ബിജു പ്രഭാകര്‍ പങ്കുവെച്ചത്.
ഏപ്രില്‍ 30-നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതെന്നും ഇത്രയും കാലത്തെ സേവനത്തിനിടയില്‍ കയറ്റവും ഇറക്കവും കീര്‍ത്തിയും അപകീര്‍ത്തിയും ഒക്കെ കാണേണ്ടി വന്നെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി തോന്നുവെന്നും ബിജു പ്രഭാകര്‍ കുറിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ വന്നതുമൂലമാണ് ഒരു മേല്‍വിലാസമുണ്ടായതെന്നും ഒരു രഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് തനിക്കുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഐടി@സ്‌കൂള്‍ പദ്ധതി തുടങ്ങിയപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും തന്റെ ഐഎഎസ് പദവി നിരന്തരം ചോദ്യം ചെയ്യലിന് വിധേയമായതിനെ കുറിച്ചുമെല്ലാം അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കുടുംബം സാമ്പത്തികമായി തകര്‍ന്നുവെന്നും കടം ഉച്ചസ്ഥായിയില്‍ കയറിനില്‍ക്കുന്ന അവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഇതിനിടയില്‍ എഴുതിയ മൂന്ന് പരീക്ഷകളില്‍ മൂന്നിലും വിജയിച്ചുവെന്നും ഇതില്‍ കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ ജോലി തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കുറിച്ചു. അവിടെ നിന്ന് ഡെപ്യൂട്ടേഷനില്‍ സംസ്ഥാന സര്‍വീസിലും പിന്നീട് മൂന്നാം റാങ്ക് വാങ്ങി ഡെപ്യൂട്ടി കളക്ടര്‍ ആയി വരുന്നതും അതില്‍ ജോലി ചെയ്യുമ്പോള്‍ ഐഎഎസ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
'കേരളത്തിലെ ചില സ്വകാര്യ കെമിക്കല്‍ കമ്പനികളില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഒരു കമ്പനിയില്‍ നിന്ന് മാത്രമെ ഇന്റര്‍വ്യൂ കോള്‍ വന്നുള്ളൂ. ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് എന്ത് കൊണ്ട് മറ്റാരും ജോലിക്ക് വിളിക്കാതിരുന്നതിന്റെ കാരണം മനസ്സിലായത്. ഇന്റര്‍വ്യൂ ചെയ്ത ആള്‍ ചോദിച്ചത് 'ഇത്ര ഉന്നത നേതാവിന്റെ മകന് എന്തിനാണ് ജോലി' എന്നാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാഷ്ട്രീയ നേതാവിന്റെ മകനെ ജോലിക്കെടുത്താല്‍ തലവേദന ആകും എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാണ് ജോലിക്ക് എടുക്കാതിരുന്നത് എന്നാണ്.' ബിജു പ്രഭാകര്‍ കുറിച്ചു.
കാരി ഓവര്‍ സിസ്റ്റം കാരണം എഞ്ചിനീയറങ്ങില്‍ മാര്‍ക്ക് കുറഞ്ഞതിനെ കുറിച്ചും സ്വന്തമായി തുടങ്ങിയ ബിസിനസുകള്‍ പരാജയപ്പെട്ടതിനെ കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 'മാര്‍ക്ക് കുറഞ്ഞതിനാല്‍ ഇനി കേരളത്തില്‍ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ബോംബെയിലേക്ക് വണ്ടി കേറി. ജോലി ചെയ്യുന്നതിനൊപ്പം സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിച്ചു ഐഎഎസ് നേടാം എന്നായിരുന്നു മനസ്സില്‍. ഏതാണ്ട് രണ്ടു രണ്ടര മാസക്കാലം ഒരു ജോലിയും ലഭിച്ചില്ല. ജോലിയുടെ വില എന്താണെന്ന് അന്നു മനസ്സിലായി. സിദ്ധി വിനായക അമ്പലത്തില്‍ ചെന്ന് എല്ലാ ആഴ്ചയിലും ഗണപതിയോട് പ്രാര്‍ഥിച്ചു ദൈവത്തിനു ഉറപ്പു കൊടുത്തു. എനിക്കൊരു ജോലി ലഭിച്ചാല്‍ ഞാന്‍ കഷ്ടപ്പെട്ട് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്‌തോളാം എന്ന്. ദൈവത്തിന് കൊടുത്ത വാക്ക് ആദ്യത്തെ ജോലി മുതല്‍ ഇന്ന് വരെ ഈ മുപ്പത്തി അഞ്ചു വര്‍ഷക്കാലവും തുടര്‍ന്നു. ഐടി @സ്‌കൂള്‍ പോലുള്ള പദ്ധതികള്‍ തുടങ്ങിയപ്പോള്‍ രാത്രി 12 മണി വരെ ഓഫീസില്‍ ഇരുന്നു ജോലി ചെയ്തിരുന്നു. മക്കള്‍ വലുതായപ്പോള്‍ വീട്ടിലെത്തി രാത്രി വരെ ജോലി ചെയ്തു. സെക്രട്ടറിയേറ്റിലായാലും വൈദ്യുതി ഭവനില്‍ ആയാലും ഇന്നും ഏറ്റവും അവസാനം ഓഫീസ് വിടുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. കാരണം ഒരു നല്ല ജോലി ലഭിക്കുക എന്നത് ഭാഗ്യമാണ്. അതിനേക്കാള്‍ ഉപരി സംസ്ഥാന സിവില്‍ സര്‍വീസ് ആയാലും കേന്ദ്ര സിവില്‍ സര്‍വീസ് ആയാലും അതില്‍ ഒരു ഉന്നത ജോലി കിട്ടിയത് ദൈവാനുഗ്രഹത്താല്‍ ആണ് എന്നു വിശ്വസിക്കുന്നതിനാല്‍ ജോലിയെയും ദൈവീകമായി കാണാന്‍ സാധിച്ചു. കരിയര്‍ നോക്കുമ്പോള്‍ ചെറുപ്പത്തില്‍ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് എഞ്ചിനീയര്‍ ആകണം രണ്ട് കേരളത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകണം. ഇതെല്ലാം സാധിച്ചു തന്ന ദൈവത്തോട് നന്ദി പറയുന്നു.' ബിജു പ്രഭാകര്‍ കുറിച്ചു