ശൈലജക്ക് മട്ടന്നൂരില്‍ സീറ്റില്ല; പകരം പേരാവൂര്‍

സി.പി.എമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂരില്‍ വിജയം ഉറപ്പായാതിനാലാണ് ശൈലജ ഈ സീറ്റ് ചോദിച്ചത്. എന്നാല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാര്‍ട്ടി ഈ സീറ്റിലേക്ക് പരിഗണിച്ചത്.

author-image
Biju
New Update
shailaja 2

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ. ശൈലജക്ക് ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ മട്ടന്നൂര്‍ നല്‍കില്ല. പകരം പേരാവൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

സി.പി.എമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂരില്‍ വിജയം ഉറപ്പായാതിനാലാണ് ശൈലജ ഈ സീറ്റ് ചോദിച്ചത്. എന്നാല്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാര്‍ട്ടി ഈ സീറ്റിലേക്ക് പരിഗണിച്ചത്. പകരം, കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ് തുടര്‍ച്ചയായി ജയിച്ചുവരുന്ന പേരാവൂരാണ് ശൈലജക്ക് നല്‍കിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനപ്രകാരം ചേര്‍ന്ന കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

മട്ടന്നൂര്‍ ഇല്ലെങ്കില്‍ മത്സരത്തിനില്ലെന്ന നിലപാടിലായിരുന്ന ശൈലജ ഒടുവില്‍, പാര്‍ട്ടി നിര്‍ദേശിച്ചാല്‍ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പേരാവൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. മുമ്പ് പേരാവൂര്‍ എം.എല്‍.എയായിരുന്നു ശൈലജ.

കണ്ണൂര്‍ ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന എട്ട് മണ്ഡലങ്ങളില്‍ കഴിഞ്ഞയാഴ്ചയാണ് സാധ്യത പട്ടിക തയാറാക്കി സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. ധര്‍മടത്ത് പിണറായി വിജയനു പുറമെ തലശ്ശേരി കാരായി രാജന്‍, മട്ടന്നൂര്‍ വി.കെ. സനോജ്, തളിപ്പറമ്പ് പി.കെ. ശ്യാമള, അഴീക്കോട് കെ.വി. സുമേഷ്, കല്യാശ്ശേരി എം.വിജിന്‍, പയ്യന്നൂര്‍ ടി.ഐ. മധുസൂദനന്‍ എന്നിങ്ങനെയാണ് ഈ പട്ടിക. 2021ല്‍ തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പേരാവൂരില്‍ സക്കീര്‍ ഹുസൈന്‍ എന്നിങ്ങനെയായിരുന്നു സി.പി.എമ്മിലെ ന്യൂനപക്ഷ പ്രാതിനിധ്യം.