/kalakaumudi/media/media_files/2025/09/26/shajahan-2025-09-26-19-16-34.jpg)
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് ജാമ്യം. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ജാമ്യ ഉത്തരവിലുള്ളത്.
അതേസമയം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനോട് കോടതി ചോദ്യങ്ങളുന്നയിച്ചു. എഫ്ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകം ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ കാരണമാണ് കോടതി ആരാഞ്ഞത്. അറസ്റ്റ് ചെയ്യാനുള്ള ചെങ്ങമനാട് എസ്.ഐയുടെ അധികാരം സംബന്ധിച്ചും കോടതി ചോദ്യങ്ങളുയര്‍ത്തി. ഷാജഹാനെ അറസ്റ്റ് ചെയ്തത് ചെങ്ങമനാട് പൊലീസ് ആണ്.
ചെങ്ങമനാട് എസ്.ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയത്?' വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ചെങ്ങമനാട് എസ്.ഐ എങ്ങനെ എറണാകുളത്ത് എത്തിയെന്നും കോടതിയുടെ ഭാഗത്തുനിന്നും ചോദ്യമുണ്ടായി. ഇതിന് മറുപടിയായി, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് ചെങ്ങമനാട് എസ്.ഐ എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു, അറസ്റ്റിനുള്ള എസ്.ഐ.ടിയുടെ ഉത്തരവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും പോലീസ് അത് ഹാജരാക്കുകയും ചെയ്തു.
കൂടാതെ, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്ക് വ്യക്തമാക്കാമോ എന്നും, വീഡിയോയില്‍ അശ്ലീലമായ ഭാഗം എന്താണെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. ഷാജഹാന്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പോലീസ് വാദിക്കുകയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ മാത്രമാണ് വീഡിയോയില്‍ ഉന്നയിച്ചതെന്നും, വ്യക്തിപരമായി മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കെ.ജെ. ഷൈന്‍ നല്‍കിയ ആദ്യപരാതിയില്‍ നോട്ടീസ് നല്‍കിയിട്ടും ഷാജഹാന്‍ അധിക്ഷേപം തുടര്‍ന്നതുസംബന്ധിച്ച് അവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.
ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. അത് കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ കൈമാറി. ഷൈനിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിനുമുന്നില്‍ ഷാജഹാന്‍ പറഞ്ഞിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
