താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക...!  കെ.ഫോൺ കുഴിയിൽ വീണു പിണറായി സർക്കാർ

കിഫ്ബിയിൽനിന്ന്‌ 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർ മുതൽ സർക്കാർ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം.

author-image
Greeshma Rakesh
New Update
k-phone
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുക..എന്ന പഴഞ്ചൊല്ല് പിണറായി സർക്കാരിന്റെ കാര്യത്തിൽ യാഥാർത്ഥ്യമാകുകയാണ്.സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോൺ എന്ന കുഴിയിലാണ് സർക്കാർ തന്നെ വീണിരിക്കുന്നത്.വലിയ ആരവങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് ഒന്നാം പിണറായി സർക്കാർ കെ-ഫോൺ പദ്ധതിയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് കെ-ഫോൺ പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്.കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് എന്നതായിരുന്നു സർക്കാര്രിന്റെ സ്വപ്‌നപദ്ധതിയുടെ ലക്ഷ്യം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് കെ- ഫോൺ പദ്ധതിക്ക് രൂപം നൽകിയത്. കേരളത്തിൽ അത്രകണ്ട് വികസിക്കാത്ത ഫൈബർ ഒപ്റ്റിക്സ് ശൃംഖല സുശക്തമായി സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അതിവേഗം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പലവിധ തടസ്സങ്ങളിൽപെട്ട് പദ്ധതി ഇഴയുകയായിരുന്നു. പിണറായി സർക്കാരിന്റെ രണ്ടാം വരവിലാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്.എന്നാൽ  ഇപ്പോഴിതാ തങ്ങളുടെ വികസനങ്ങളുടെ  മുഖമുദ്രയായി സർക്കാർ വാനോളം പുകഴ്ത്തിയിരുന്ന  കെ-ഫോൺ കോടികളുടെ കുരുക്കിലാണ്.കിഫ്ബിയിൽനിന്ന്‌ 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർ മുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം.

പദ്ധതി ആരംഭിച്ചിട്ട് നിലവിൽ 30,000 ഇന്റർനെറ്റ് കണക്‌ഷൻ മാത്രമാണ് കെ-ഫോണിന് നൽകാനായത്. ഇതിൽ അയ്യായിരം എണ്ണം ബി.പി.എൽ. കണക്‌ഷനാണ്. ബാക്കി 20,000 സർക്കാർ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്‌ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂ.കേരള സ്‌റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എൽ.), കെ.എസ്.ഇ.ബി.യുടെയും സംയുക്തസംരംഭമാണിത്. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാനസർക്കാരിനും.

1514 കോടി രൂപയായിരുന്നു സംയുക്തസംരംഭത്തിന്റെ ആകെ മുതൽമുടക്ക്. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയിൽനിന്നു വായ്പയായി ലഭിച്ചത്.വ്യവസ്ഥപ്രകാരം 2024 ഒക്ടോബർമുതൽ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടക്കേണ്ടതുണ്ട്.തിരിച്ചടവ് 2025 ഏപ്രിൽ മുതൽ ആക്കണമെന്ന് കെ-ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കാൻ സാധ്യതയുണ്ടെങ്കിലും അടുത്തവർഷംമുതൽ ഈ തുക തിരിച്ചടച്ചേ മതിയാകൂ. സർക്കാർ വിഹിതമായി നൽകേണ്ട 500 കോടിയിൽ 128 കോടിരൂപ മാത്രമാണ് നൽകിയിരിക്കുന്നത്.

കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാൽ, ഇതിൽ 30,438 ഓഫീസുകൾ മാത്രമാണ് കെ-ഫോൺ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 20,000 ഓഫീസുകൾക്ക് കണക്ഷൻ നൽകി.സർക്കാർ ഓഫീസുകളിൽനിന്ന്‌ പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോൺ അധികൃതർ കരുതുന്നത്. 

എന്നിരുന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കിക്കാത്തതാണ് പ്രധാന പ്രശ്നം.ചുരുക്കത്തിൽ വികസനവും ലാഭവും മുന്നിൽകണ്ട് പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതി അവർക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്.നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടക്കേണ്ടി വരുന്നത് സാമ്പത്തിക  പ്രതിസന്ധി രൂക്ഷമാക്കുമെന്നതിൽ സംശയം വേണ്ട.

kerala news k phone kerala government cm pinarayi vijayan