k sudhakaran acquitted in ep jayarajan murder attempt case
കൊച്ചി: ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽകെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കണമെന്ന കെ സുധാകരൻറെ ഹർജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയിൽ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്.കേസിൽ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
1995 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ഡിഗഢിൽനിന്ന് സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വെച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ ഏൽപ്പിച്ചത് സുധാകരനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.