/kalakaumudi/media/media_files/2025/01/22/VjwZPZh2fKgWUqRqnGit.jpg)
k sudhakaran
ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വിജയന്റെ മകന്‍ വിജേഷ് ഉള്‍പ്പെടെയുള്ളവരോട് സുധാകരന്‍ സംസാരിച്ചു. അനാഥമായ കുടുംബത്തെ സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്റെ ബാധ്യതയാണെന്ന് സന്ദര്‍ശനത്തിനു ശേഷം സുധാകരന്‍ പറഞ്ഞു. ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് അറിയുന്നതെന്നും സുധാകരന്‍ പറഞ്ഞു. എന്‍.എം. വിജയന്റെ മരണത്തിനു ശേഷം ആദ്യമായാണ് സുധാകരന്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തുന്നത്. ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബത്തെ തള്ളുന്ന നിലപാടായിരുന്നു സുധാകരന്‍ സ്വീകരിച്ചത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നതോടെയാണ് പാര്‍ട്ടി നിലപാട് മാറ്റിയത്.
ആത്മഹത്യാക്കുറിപ്പില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നതും ഇവര്‍ കേസില്‍ പ്രതികളാവുകയും ചെയ്തതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. നേരെത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുടുംബത്തെ സന്ദര്‍ശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്‍.എം. വിജയന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെങ്കില്‍ സിപിഎം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഐ.സി.ബാലകൃഷ്ണനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് സുധാകരന്‍ കുടുംബത്തെ സന്ദര്‍ശിച്ചത്. ആവശ്യമെങ്കില്‍ സുധാകരനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.