പത്തനംതിട്ട: മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഏതു കൊമ്പത്ത് ഇരിക്കുന്നവരായാലും അവരെ ശരിയായ നിലയ്ക്ക് കൈകാര്യം ചെയ്യും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ നൂറു കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാൻ മൂന്നുനാലു ദിവസങ്ങളായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിനെ ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല.കേരത്തിലെ മാധ്യമപ്രവർത്തകരോടാണ് പറയുന്നത്. ഈ മഹാപ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകരെയും വെറുതെ വിടില്ല അതിൽ ഒരു സംശയവും വേണ്ട'-കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ചതിയാണ് പിണറായി വിജയനും സിപിഎമ്മും നവീൻ ബാബുവിന്റെ കുടുംബത്തോട് കാണിക്കുന്നതെന്നും കലക്ടറേയും ദിവ്യയെയും സംരക്ഷിക്കുന്ന നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എല്ലാ തെളിവുകളും നശിപ്പിക്കുന്ന തരത്തിലുള്ളഅന്വേഷണമാണ് എസ്ഐടി നടത്തിയത്.ഞങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന് വരുത്തി തീർക്കാൻ നാടകം കളിക്കുകയാണ് സിപിഎം. പത്തനംതിട്ടയിലെ പ്രാദേശിക നേതൃത്വവും ഇതിനു തന്നെയാണ് ശ്രെമിച്ചിട്ടുള്ളത്.പിണറായി ഉൾപ്പെടെ ഉള്ള പാർട്ടി നേതൃത്വവും കണ്ണൂർ പാർട്ടി ഘടകവും എല്ലാം കൊലയാളിക്കൊപ്പമാണ്.പി പി ദിവ്യയെ രക്ഷിക്കാനുള്ള സമീപനമാണ് നടത്തുന്നത്.
അവസാന പ്രതീക്ഷയെന്നോണമാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.നീതിപീഠം കണ്ണുതുറക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.അവർക്കു നീതി ലഭിക്കണമെന്നാണ് എല്ലാരും ആഗ്രഹിക്കുന്നത്.സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയുടെ അനുമതി അവർക്കു ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.