പള്ളിക്ക് മുന്നില്‍ എത്തിയ മാവേലി പെട്ടെന്ന് കുരിശ് വരച്ചു! കുമ്പളങ്ങിയിലെ ഓണം കെ വി തോമസ് എഴുതുന്നു

മാവേലിയെ കുമ്പളങ്ങി തെക്കേ കടത്തുകടവില്‍ നിന്ന് വടക്കേ കടത്തുകടവ് വരെ കൊണ്ടുപോകും. അങ്ങനെയുള്ള യാത്രയിലാണ് കുമ്പളങ്ങിയുടെ മധ്യഭാഗത്തുള്ള ചക്യാമുറി പള്ളിക്ക് മുമ്പിലെത്തിയ മാവേലി കുരിശ് വരച്ചത്! കുമ്പളങ്ങിയിലെ ഓണക്കാലം പങ്കുവച്ച് മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്

author-image
Rajesh T L
New Update
k v thomas psd

k v thomas onam

.

എനിക്ക് ഇപ്പോള്‍ 79 വയസ്സായി.  ഈ ജീവിതം മുഴുവന്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ് ഓണാഘോഷങ്ങള്‍.

കുമ്പളങ്ങി ഗ്രാമത്തില്‍ ഞാന്‍ അനുഭവിച്ച ഓണവും ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഓണവും തമ്മില്‍ വലിയ അന്തരമുണ്ട്.  ഗ്രാമീണ ജീവിതത്തിന്റെ പച്ചപ്പും തനിമയും ലാളിത്യവും കുളിര്‍മയുമാണ് കുമ്പളങ്ങിയിലേതെങ്കില്‍  ഡല്‍ഹിയിലേത് യാന്ത്രികമായ  ഓണക്കാലമാണ്.

'കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം' എന്ന കാലഘട്ടത്തില്‍ നിന്നും കള്ളവും ചതിവും നിറഞ്ഞാടുന്ന കാലത്തിലാണ് ഇപ്പോഴത്തെ ഓണാഘോഷം.

എന്റെ ചെറുപ്പക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണം അത്യുത്സാഹം നല്‍കുന്ന ഒരു ആഘോഷമാണ്. സ്‌കൂള്‍ പത്ത്  ദിവസത്തേക്ക് അടയ്ക്കുന്നു എന്നുള്ളത് തന്നെയാണ് ഏറ്റവും സന്തോഷം നല്‍കിയിരുന്നത്. സ്‌കൂള്‍ അവധിയോടെ ഓണാഘോഷങ്ങള്‍ തുടങ്ങുകയായി. എന്റെ അമ്മ വീട് മരടിലാണ്. തൊട്ടടുത്താണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രശീയന്‍ ക്ഷേത്രം (വലിയമ്പലം). കൊച്ചി രാജാവിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറയില്‍ നിന്നാണ് അത്താഘോഷങ്ങള്‍ ആരംഭിക്കുന്നത്. സര്‍വ്വമത മൈത്രിയും കൂടിയാണ്  അത്തച്ചമയം കൊണ്ട് ഉദ്ദേശിക്കുന്നത്. കരിങ്ങാച്ചിറ കത്തനാരെയും  ചെമ്പില്‍ അരയനെയും നെടൂര്‍ തങ്ങളെയും അത്തച്ചമയത്തിന്  സ്വീകരിക്കുന്നത്  ഇതിന്റെ പ്രതീകമാണ്.

അത്തം കഴിഞ്ഞ് പത്താം നാള്‍ പൊന്നോണം. അത്തം കറുത്താല്‍ ഓണം വെളുക്കും. മറിച്ചും ആകാം. അമ്മ വീട്ടില്‍ നിന്ന് അത്തച്ചമയം കാണാന്‍ ഞങ്ങള്‍ കുട്ടികള്‍  പോകുമായിരുന്നു. ആ സന്ദര്‍ഭത്തിലാണ് എല്ലാവരും ഓണത്തപ്പനെ വാങ്ങുന്നത്.  പ്രായമായവര്‍ പറമ്പില്‍ നടാനുള്ള കാച്ചില്‍, ചേമ്പ്, വാഴക്കണ്ണ്, പച്ചക്കറി വിത്തുകള്‍ തുടങ്ങിയവയും  വാങ്ങും.  പായ, കുട്ട, വീട്ടുപകരണങ്ങള്‍, കട്ടില്‍, മേശ തുടങ്ങി  എല്ലാം അത്തം  മുതല്‍ പത്ത് ദിവസത്തെ വാണിഭത്തിന്  എത്തിയിട്ടുണ്ടാകും.
എല്ലായിടത്തെയും പോലെ കാണം വിറ്റും ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പ് കുമ്പളങ്ങിയിലും നടത്തിയിരുന്നു. ചിങ്ങം പിറക്കുമ്പോള്‍ തന്നെ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. പറമ്പുകളെല്ലാം കിളപ്പിച്ച് ഭംഗിയാക്കും. തിമിര്‍ത്ത് കുളിക്കാനായി കുളങ്ങളെല്ലാം വെട്ടി തേകിക്കും.  ഊഞ്ഞാലാട്ടമായിരുന്നു പ്രധാന വിനോദം. സ്‌കൂള്‍ അടയ്ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ അപ്പനെ കൊണ്ട് ഊഞ്ഞാല്‍ കെട്ടിക്കും. എന്തൊക്കെ കളിയില്‍ ഏര്‍പ്പെട്ടാലും ഊഞ്ഞാലാട്ടം മുടക്കില്ല.

ചുറ്റുമുള്ള വീടുകളില്‍ ഒന്നാം ഓണത്തിന് മുമ്പു തന്നെ കൈക്കൊട്ടികളികള്‍ ആരംഭിക്കും. പെട്രോമാക്സ് നടുക്ക് കത്തിച്ചുവച്ച് വട്ടത്തിലാണ് കൈകൊട്ടികളി. സൈക്കിള്‍ യജ്ഞം, ചീട്ടുകളി, പന്തുകളി,  തൊങ്ങിതൊട്ടുകളി തുടങ്ങിയ ഗ്രാമീണ വിനോദങ്ങളിലും എല്ലാവരും  ഏര്‍പ്പെട്ടിരുന്നു.

കുമ്പളങ്ങിയിലെ എല്ലാ വീടുകളിലും ജാതിമതഭേദമന്യേ പൂക്കളം ഒരുക്കിയിരുന്നു. ഞങ്ങള്‍ കുട്ടികള്‍ തലേ ദിവസം തന്നെ വീടിനു ചുറ്റുമുള്ള പറമ്പുകളില്‍ നിന്നും പൂക്കള്‍ ചേമ്പിലയില്‍ നുള്ളിയെടുക്കും.  പിറ്റെ ദിവസം അതിരാവിലെ മല്‍സരിച്ചാണ് പൂക്കളമിടുന്നത്.  

കുടവയറുള്ള മാവേലിയെ കുമ്പളങ്ങി തെക്കേ കടത്തു കടവില്‍ നിന്ന് ചെണ്ടമേളങ്ങളോടെ വടക്കേ കടത്തുകടവ് വരെ കൊണ്ടുപോകും. അങ്ങനെയുള്ള ഒരു യാത്രയിലാണ് കുമ്പളങ്ങിയുടെ മധ്യഭാഗത്തുള്ള ചക്യാമുറി പള്ളിക്ക് മുമ്പിലെത്തിയ മാവേലി കുരിശ് വരച്ചത്. മാവേലി കുരിശു വരയ്ക്കുകയോ,  ആളുകള്‍ അത്ഭുതപ്പെട്ടു. എന്നാല്‍, ആ മാവേലി പള്ളിയിലെ കപ്യാരായിരുന്നു!

സദ്യയ്ക്കുള്ള പച്ചക്കറികള്‍ വീടുകളിലെ പറമ്പുകളില്‍ നേരത്തെ തന്നെ നട്ട്  ഒരുക്കിയിരിക്കും.  അത്തം മുതല്‍ എല്ലാ വീട്ടമ്മമാരും സദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും. കായ വറക്കല്‍, ശര്‍ക്കര വരട്ടി, അച്ചാര്‍  തുടങ്ങിയവയായിരിക്കും ആദ്യം തയ്യാറാക്കുക.

ഓണ ദിവസം എല്ലാ വീടുകളില്‍ നിന്നും രാവിലെ ആര്‍പ്പോ വിളികള്‍ കേട്ടാണ് ഞങ്ങള്‍ ഉണരുക. ഉച്ചയ്ക്ക് ഒന്നിലധികം പായസത്തോടുകൂടിയ വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം കൂട്ടുകാരുമൊത്ത് വീണ്ടും കളിക്കാന്‍  ഇറങ്ങും. വൈകുന്നേരം കുമ്പളങ്ങി 'സേവ്യേഴ്സ് മൂവി ടോണ്‍സി'ല്‍ സിനിമയ്ക്ക്  പോകും.

ഒരേ മനസ്സോടെ സന്തോഷവും സങ്കടവും പങ്കിട്ടിരുന്ന അക്കാലത്തിന്റെ വേറിട്ട ഓര്‍മ്മകള്‍ അയവിറക്കുകയാണ് ഡല്‍ഹിയില്‍  ഞാനിപ്പോള്‍.