/kalakaumudi/media/media_files/2026/01/21/potty-kadakam-2026-01-21-16-46-21.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നത്തെ പോറ്റിയുടെ വീട്ടിലല്ല, അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയതെന്നും കടകംപള്ളി പറഞ്ഞു. ഇക്കാര്യം എസ്ഐടിയെ അറിയിച്ചിട്ടുണ്ട്. പോറ്റിയുടെ പക്കല്‍നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പുറത്തുവിട്ട ചിത്രത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയായിരുന്നപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ രണ്ടു തവണ പോറ്റിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ അയല്‍വാസിയായ വിക്രമന്‍നായര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനൊപ്പം പ്രമുഖരായ പലര്‍ക്കും സമ്മാനങ്ങളും മറ്റും നല്‍കിയിട്ടുണ്ടെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി എസ്ഐടിക്കു നല്‍കിയ മൊഴിയും പുറത്തുവന്നു. വിവിധ ഘട്ടങ്ങളില്‍ പലരേയും കണ്ടപ്പോഴാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നാണു പോറ്റി പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ പോറ്റി സന്ദര്‍ശിച്ചവരുടെ പട്ടിക എസ്ഐടി ശേഖരിച്ചുകഴിഞ്ഞു.
2016ല്‍ മന്ത്രിയായിരുന്നപ്പോള്‍ ശബരിമല ഉത്സവകാലത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കണ്ടിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. ഒരു സന്ദര്‍ഭത്തില്‍ ശബരിമലയിലേക്കു പോകുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഫോണില്‍ വിളിച്ച് കാരേറ്റുള്ള വീട്ടില്‍ ഒരു കുട്ടിയുടെ ചടങ്ങുണ്ട് അതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി പൊലീസ് അകമ്പടിയോടെയാണ് പോറ്റിയുടെ വീട്ടില്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ശേഷം ശബരിമലയിലേക്കു പോയി. ആ ഒരു തവണ മാത്രമാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ഇന്നത്തെ തരത്തില്‍ അല്ല ഞാനുള്‍പ്പെടെ ആരും പോറ്റിയെ കണ്ടിട്ടുള്ളത്. ശബരിമല അയ്യപ്പന്റെ യഥാര്‍ഥ ഭക്തന്‍ എന്ന നിലയിലാണ് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ പോകുമായിരുന്നില്ല. ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അവര്‍ ചോദിക്കാതെ തന്നെ അങ്ങോട്ട് പറയുകയായിരുന്നു.
പോറ്റിയുടെ കൈയില്‍നിന്ന് ഒരു തരത്തിലുള്ള സമ്മാനവും വാങ്ങിയിട്ടില്ല. കഴക്കൂട്ടം മണ്ഡലത്തില്‍ പോറ്റിയോ അദ്ദേഹവുമായി ബന്ധപ്പട്ടവരോ ഒരു തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പും നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ എസ്ഐടി നടത്തുന്ന അന്വേഷണം പൂര്‍ത്തീകരിക്കട്ടെ. പ്രതിപക്ഷം എക്കാലവും ഒരു ഇരയെ മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയിലെ കാര്യങ്ങളില്‍ മന്ത്രിക്ക് അത്തരത്തില്‍ റോള്‍ ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തന്ത്രി അവിടെ മുഴുവന്‍ സമയവും ഉള്ള ആളാണ്. അദ്ദേഹം തെറ്റായ എന്തെങ്കിലും ചെയ്തെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ രണ്ടിനെയും രണ്ടായി മനസിലാക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ട്. പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ പ്രചാരണമായി മാത്രം കണ്ടാല്‍ മതിയെന്നും കടകംപള്ളി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
