പോറ്റിയെ സഹായിക്കാന്‍ ഞാന്‍ എഴുതിയ കുറിപ്പുണ്ടെങ്കില്‍ പുറത്തുവിടണം: കടകംപള്ളി സുരേന്ദ്രന്‍

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പരിഹസിച്ചു

author-image
Biju
New Update
kadakampalli

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. കടകംപള്ളി സുരേന്ദ്രനെ കേസില്‍ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണു ഫെയ്‌സ്ബുക്കില്‍ വിശദീകരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കണമെന്ന് താന്‍ എഴുതി ഒപ്പിട്ടു നല്‍കിയ അപേക്ഷ ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്ന് കടകംപള്ളി വെല്ലുവിളിച്ചു. കൂടാതെ, സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പരിഹസിച്ചു.

കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍: 

കഴിഞ്ഞ ശനിയാഴ്ചയാണ് ഞാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (SIT) മുന്നില്‍ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനോട് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ബോര്‍ഡ് വച്ച, ഞാന്‍ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാന്‍ അവിടെ എത്തിയതും മൊഴി നല്‍കിയ ശേഷം എന്റെ ഓഫിസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണ്.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യില്‍ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയില്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു നല്‍കിയെന്ന് പറയുന്ന കുറിപ്പുണ്ടെങ്കില്‍ അത് പുറത്തുവിടണം.

മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചതായി സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ പുറത്തുവിടൂ, ജനങ്ങള്‍ കാണട്ടെ. 

ഇനി മാധ്യമങ്ങളുടെ അടുത്ത കണ്ടെത്തല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഞാന്‍ മണ്ഡലത്തില്‍ വീട് വച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേര്‍ക്ക് സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞു എന്നത് യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ അതില്‍ ഒന്നുപോലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള വലിയ മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണം. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.