/kalakaumudi/media/media_files/Z8DIZ9euZwGjFmHeNKFo.jpeg)
വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പോലീസിനെ കുറ്റപ്പെടുത്തി ഹര്‍ജിക്കാരന്‍. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനായ പി കെ ഖാസിം സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണമുള്ളത്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും തന്റെ പരാതിയില്‍ പോലീസ് കേസെടുത്തില്ല എന്നും ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി. കേസില്‍ വടകര പോലീസ് ചുമത്തിയത് ദുര്‍ബ്ബലമായ വകുപ്പുകളാണെന്നും മതസ്പര്‍ദ്ദ വളര്‍ത്തിയതിനും വ്യാജരേഖ ചമച്ചതിനുമുള്ള കുറ്റം ചുമത്തിയില്ല എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
കുറ്റകൃത്യം ചെയ്തവരോട് വടകര പോലീസിന് ദാസ്യ സമീപനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ പ്രതി ചേര്‍ത്തില്ല എന്നും വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചവരെ സാക്ഷികളാക്കി എന്നും ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച മറുപടി സത്യാവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞദിവസം കേസില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് പോലീസ് പറഞ്ഞപ്പോഴും, അത് യുഡിഎഫ് സൃഷ്ടിയാണെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഎം.