കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്

അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.  

author-image
Prana
New Update
kafir

കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവ്. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.  വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ഫോണ്‍ ഫോറെന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ടും അന്വേഷണ പുരോഗതിയും സമര്‍പ്പിക്കാന്‍ വടകര പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടിനും തുടര്‍വാദത്തിനുമായി കേസ് നവംബര്‍ 22ലേക്ക് മാറ്റി.
കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തി കാസിമിന്റെ നിരപരാധിത്വം തെളിയിക്കേണ്ടി വന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രതികളെ പിടികൂടാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം ഒരിഞ്ച് മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
എട്ട് മാസം പിന്നിട്ടും കേസില്‍ ഇതുവരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനോ പ്രതികളെ ലിസ്റ്റ് ചെയ്യാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ച കൊണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ട് രണ്ട് മാസം പിന്നിട്ടുവെന്നും പാറക്കല്‍ അബ്ദുല്ല ആരോപിച്ചു.

 

report kafir controversy police court