/kalakaumudi/media/media_files/2026/02/10/sobhana-2026-02-10-11-36-41.jpg)
കൊച്ചി: നടി ശേഭന ഉൾപ്പെടെ മൂന്ന് പ്രമുഖർക്ക് ഡി ലിറ്റ് ബിരുദം നൽകുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവർണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാൻ സർവകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.ചടങ്ങ് നടത്താൻ 15 ലക്ഷം രൂപ വേണമെന്ന് സർവകലാശാല വിസി ഡോ. കെ കെ ഗീതാകുമാരി പറഞ്ഞു.
സർവകലാശാല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരുയോഗവും ചേർന്നിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഡി ലിറ്റ് നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്നും വിസി വ്യക്തമാക്കി.
2021 ഒക്ടോബർ 8 ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ശോഭന, സംസ്‌കൃത പണ്ഡിതനും സർവകലാശാല മുൻ വിസിയുമായ ഡോ. എൻ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ഡോ. ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചത്. തുടർന്ന് അക്കാദമിക് കൗൺസിൽ അതിന് അനുമതിയും നൽകി.
കഴിഞ്ഞദിവസം ഒരു ചടങ്ങിനെത്തിയ ശോഭന സൗഹൃദ സംഭാഷണത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്​ ശോഭനയ്ക്ക് ഡി ലിറ്റ് നൽകുന്നതെന്നാണ് സർവകലാശാല പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ശോഭന നേടിയിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. എൻ പി ഉണ്ണിക്കും, ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
