സുവര്‍ണ്ണ ജൂബിലി നിറവില്‍ കലാകൗമുദി

ഒരു കാലത്ത് കേരളത്തിന്റെ പുരോഗമന വീക്ഷണങ്ങള്‍ക്ക് ഏറെ പിന്‍തുണ നല്‍കിയ കലാകൗമുദി വാരിക മലയാളി സമൂഹത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

author-image
Biju
New Update
kala

കൊല്ലം: മലയാള വായനാ സമൂഹത്തിന് പുതിയ വീക്ഷണവും ദിശയും നല്‍കിയ ആനുകാലിക പ്രസിദ്ധീകരണമായ കലാകൗമുദി വാരിക അമ്പതിന്റെ നിറവില്‍.

കൊല്ലം ബീച്ച് ഹോട്ടലില്‍ ഇന്ന് നടക്കുന്ന കലാകൗമുദി 50-ാം വാര്‍ഷികാഘോഷം രാവിലെ 10ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ബ്യൂറോ ചീഫ് ശ്രീകുമാര്‍ മനയില്‍ അദ്ധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും.
 
കഥാകാരനും കലാകൗമദിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ജയമോഹന്‍ സ്വാഗതം പറയും. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എസ്. ജഗദീഷ് ബാബു കലാകൗമുദിയുടെ അമ്പത് വര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കും. കൊല്ലം മേയര്‍ ഹണി ബെഞ്ചമിന്‍. മുന്‍ മന്ത്രി ഷിബുബേബി ജോണ്‍, എംഎഎല്‍എമാരായ എം.മുകേഷ്, എം. നൗഷാദ്, പി.സി വിഷ്ണുനാഥ്, ഡോ. സുജിത്ത് വിജയന്‍പിള്ള, സി.ആര്‍ മഹേഷ്, ജി.എസ് ജയലാല്‍, കേണല്‍ എസ്.ഡിന്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തിരുവനന്തപുരം ബ്യൂറോ ചീഫ് ബി.വി അരുണ്‍കുമാര്‍ നന്ദി പറയും. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രഗത്ഭരായവരെ ആദരിക്കും. സാമുഹീക, സാംസ്‌കാരിക, സാഹിത്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

അച്ചടി വായന മരിക്കുകയാണ് എന്നു വിലപിക്കുന്ന കാലത്തും ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണം അരനൂറ്റാണ്ട് പിന്നിട്ട് ഇപ്പോഴും വായനക്കാരുടെ കയ്യിലെത്തുകയെന്നത് മലയാള ഭാഷക്ക് തന്നെ അഭിമാനിക്കാവുന്ന ചരിത്ര സംഭവമാണ്. കേരളത്തിലെ സാഹിത്യ, സംസ്‌കാരിക രംഗത്തിന് രാഷ്ട്രീയ ദര്‍ശനം നല്‍കിയ ആധുനിക മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ ഈടുറ്റ വാരികളിലൊന്നായിരുന്നു അരനൂറ്റാണ്ട് പിന്നിടുന്ന കലാകൗമുദി.

ഒരു കാലത്ത് കേരളത്തിന്റെ പുരോഗമന വീക്ഷണങ്ങള്‍ക്ക് ഏറെ പിന്‍തുണ നല്‍കിയ കലാകൗമുദി വാരിക മലയാളി സമൂഹത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇടതും വലതും സ്വാതന്ത്രവും വാരികയിലെ സംവാദങ്ങളില്‍ സമ്മേളിച്ചു.

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ ആരംഭിച്ച് പ്രസ് സെന്‍സര്‍ ഷിപ്പിലൂടെ മാധ്യമങ്ങളെ നിശബ്ദരാക്കിയ, പ്രക്ഷുബ്ധമായ ഒരു സമയത്താണ് കലാകൗമുദിയുടെ വരവ്. മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതികളിലൊരാളായ  സുകുമാരന്റെ മകന്‍ എം.എസ്. മണി തെളിച്ച വഴിയിലൂടെ കലാകൗമുദി ഇന്നും മലയാളത്തില്‍ ജ്വലിച്ചുനില്‍ക്കുകയാണ്.

kalakaumudi award kalakaumudi editorial kalakaumudi