
kalakaumudi road was damaged
ഗ്രീഷ്മ രാകേഷ്
തിരുവനന്തപുരം: പുനര്‍നിര്‍മ്മാണം ആരംഭിച്ച് മാസം നാല് കഴിഞ്ഞിട്ടും പണി എങ്ങുമെത്താത്ത കലാകൗമുദി റോഡില്‍ ഇപ്പോള്‍ അപകടങ്ങള്‍ പതിവാകുന്നു. റോഡിന് സമാന്തരമായി തന്നെ ആറടിയോളം ആഴമുള്ള ഓടയുടെ പണി പൂര്‍ത്തിയായെങ്കിലും സ്ലാബിട്ട് അത് മൂടാത്തത് കാരണം കനത്ത മഴ ചെയ്യുമ്പോള്‍ റോഡ് ഏത് ഓട ഏത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഇതിനകത്ത് പെട്ടുപോയാല്‍ സ്‌കൂബാ ഡൈവേഴ്‌സിനെ എത്തിച്ച് തന്നെ തിരച്ചില്‍ നടത്തേണ്ടിയും വരും.വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നട യാത്രക്കാര്‍ക്ക് പോലും അപകടം സംഭവിക്കുന്ന സാഹചര്യമാണ് നിലവില്‍.റോഡിന്റെയും ഓടയുടെയും നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചമട്ടിലായതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടങ്ങളില്‍പ്പെടുന്നതും പതിവാണ്.
പലപ്പോഴും മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയാണ് ഇവിടെ ചെളിയില്‍ പൊതിഞ്ഞുപോകുന്ന വാഹനങ്ങള്‍ പുറത്തെടുക്കുന്നത്.എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് നഗരസഭാ അധികൃതര്‍. മാത്രമല്ല നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കുത്തിപൊളിച്ച് ഇട്ടിരിക്കുന്ന റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.
വെള്ളക്കെട്ടുണ്ടാകുന്നതോടെ ഇതുവഴിയുള്ള കാല്‍നട യാത്രപോലും ദുഷ്‌കരമാണ്.ഇനിയിപ്പോള്‍ വെള്ളം ഇറങ്ങിയാലും റോഡില്‍ അര അടി കനത്തില്‍ ചെളിക്കെട്ടുണ്ടാകും.മാത്രമല്ല മഴക്കാലത്ത് ഓടയില്‍ വെള്ളം നിറഞ്ഞ് റോഡിലേയ്ക്ക് മാലിന്യം കയറുന്നതും സ്ഥിരമാണ്.അതുകൊണ്ട് തന്നെ ഇതുവഴിയുള്ള കാല്‍നട പോലും ബുദ്ധിമുട്ടുള്ളതാകുന്നു.
ഏകദേശം 500-ലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ താമസക്കാര്‍ക്ക് അവരുടെ വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പതിവായുള്ള അപകടങ്ങളില്‍ പൊറുതി മുട്ടി, പല തവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതി.അവശേഷിക്കുന്ന പണി പൂര്‍ത്തിയാക്കി റോഡ് യാത്ര യോഗ്യമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ സ്ഥലം എംഎല്‍എ സംഭവത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന ആരോപണവും ശക്തമാണ്.ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇതുവഴി സ്ഥിരം യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. കിടപ്പുരോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.