/kalakaumudi/media/media_files/2025/01/17/JyLY6yuOtMw945XokKpd.jpg)
kalari Photograph: (kalari)
അടുത്ത കേരള സ്‌കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും. ഇതിനുവേണ്ടി മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. അടുത്ത വര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് അണ്ടര്‍ 14, 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
നിര്‍ണായകമായ ഉത്തരവ്
അതേസമയം, സംസ്ഥാനത്തിന്റെ നീക്കത്തിന് പിന്നില്‍ കോടതി ഉത്തരവാണ്. ഉത്തരാഖണ്ഡില്‍ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കളരിപ്പയറ്റിനെ മത്സരയിനങ്ങളില്‍നിന്ന് ഒഴിവാക്കി പ്രദര്‍ശനയിനമാക്കിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദില്‍നിന്നുള്ള മത്സരാര്‍ഥി ഹര്‍ഷിത യാദവിന്റെ ഹര്‍ജയിലാണ് നടപടി.കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
2015ല്‍ കേരളം ആതിഥ്യം വഹിച്ച 35ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദര്‍ശനയിനമായിരുന്നു. 2023 ഗോവ ഗെയിംസില്‍ മത്സരയിനമായി. എന്നാല്‍, ഇക്കുറി പ്രദര്‍ശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. കളരിപ്പയറ്റ് മത്സരങ്ങള്‍ 28 മുതല്‍ ഹരിദ്വാറിലാണു നടക്കുക. കേരളത്തിന് പ്രതീക്ഷ കളരിപ്പയറ്റ് മത്സര ഇനമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസില്‍ കേരളത്തിനു സ്വര്‍ണ പ്രതീക്ഷകളുമായി ഇനി കളരി അങ്കം .കഴിഞ്ഞ ദേശീയ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകളാണു കേരളം കളരിപ്പയറ്റില്‍ നിന്നു നേടിയത്.
കളരിപ്പയറ്റ് മത്സരത്തിനുള്ള എല്ലാ തയാറെടുപ്പുകളും സംസ്ഥാനം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയതായി കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി ജി. രാധാകൃഷ്ണന്‍ പറഞ്ഞു. മത്സരിക്കുന്ന 23 താരങ്ങളുടെ പട്ടിക ദേശീയ ഗെയിംസ് സംഘാടക സമിതിക്കു നേരത്തേ നല്‍കിയിട്ടുണ്ട്. എല്ലാ ഇനങ്ങളിലും ഉറച്ച സ്വര്‍ണ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.