കലോത്സവം: സൗജന്യ യാത്രാസൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി.

പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 9 വരെയാണ് ബസ് സര്‍വീസ് നടത്തുക.

author-image
Prana
New Update
ksrtc electric

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മുതല്‍ രാത്രി 9 വരെയാണ് ബസ് സര്‍വീസ് നടത്തുക. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ് നടത്തുക.
മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് ബസ് സര്‍വീസുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ കലോത്സവത്തിന് കുട്ടികള്‍ക്ക് മാത്രമല്ല അവരുടെ അധ്യാപകര്‍ക്കും പരിശീലകര്‍ക്കും കാണികള്‍ക്കും സൗജന്യ യാത്രാ സൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായ ഡോ റോയ് ബി ജോണ്‍ പറഞ്ഞു.
തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കി 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോള്‍ നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്ക് പുറമെ ജില്ലയിലെ സ്‌കൂള്‍ ബസുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

electric bus free transportation school kalolsavan ksrtc