ചേകന്നൂർ മൗലവി തിരോധാനക്കേസിൽ റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ ആരോപണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രകാശനം ചെയ്ത കാന്തപുരത്തിന്റെ ആത്മകഥ 'വിശ്വാസപൂർവം' ത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേസിൽ പ്രതിയാക്കാൻ തനിക്കെതിരെ സിബിഐ സ്‌പെഷ്യൽ ജഡ്ജിയായിരുന്ന കെമാൽ പാഷ ഗൂഢാലോചന നടത്തി. തൃശൂരിൽ തുടങ്ങാനിരുന്ന കമാലിയ്യ മെഡിക്കൽ കോളേജ് സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നും ആത്മകഥയിൽ ആരോപിക്കുന്നു.
''സിബിഐ സ്‌പെഷ്യൽ കോടതി ജഡ്ജിയായി കെമാൽ പാഷ നിയമിതനായശേഷമായിരുന്നു തന്നെ കേസിൽ പ്രതിചേർക്കുന്നത്. വിചാരണ തുടങ്ങിയ കേസിലെ അത്യപൂർവ നീക്കമായിട്ടാണ് അന്നു തന്നെ എല്ലാവരും വിലയിരുത്തിയിരുന്നത്. പിന്നീടാണ് ഗൂഢാലോചന തെളിഞ്ഞത്. മർക്കസിന്റെ മേൽനോട്ടത്തിൽ തുടങ്ങാനിരുന്ന മെഡിക്കൽ കോളേജ് തട്ടിയെടുക്കാൻ ലീഗ് നേതാക്കൾ ഉൾപ്പെടെ വ്യാജ രേഖകൾ ഉണ്ടാക്കി. മർക്കസിന്റെ കീഴിലെ ഇമാം റാസി എജ്യുക്കേഷണൽ ട്രസ്റ്റിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡന്റും വി വി അബൂബക്കർ ഹാദി ചാവക്കാട് സെക്രട്ടറിയായുമാണ് വ്യാജരേഖ ഉണ്ടാക്കിയത്. ഈ ട്രസ്റ്റിൽ കെമാൽ പാഷയും അംഗമായിരുന്നു,'' പുസ്തകത്തിൽ പറയുന്നു.
കേസിന്റെ പേരിൽ പതിറ്റാണ്ടിലധികമാണ് തന്നെയും പ്രസ്ഥാനത്തെയും വേട്ടയാടിയത്. ഇപ്പോഴും ചേകന്നൂർ കേസ് പറയുമ്പോൾ ചിലർക്ക് എന്റെ പേര് കൂടി ചേർത്ത് പറയണം. ചേകന്നൂർ കേസിൽ പിടിച്ച് എന്നെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാനുള്ള പരിശ്രമം നടന്നു. കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാൽ മർക്കസിൽ വന്നത് കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണെന്നു പ്രചാരണം നടത്തി. എന്നാൽ കേന്ദ്രമന്ത്രി മർക്കസിൽ എത്തി തിരികെ പോയ ശേഷമാണ് തന്നെ കേസിൽ പ്രതിയാക്കിയത്.