കണ്ടല സർവ്വീസ് സഹകരണബാങ്ക് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനം

ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

author-image
Prana
New Update
money
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ടല സർവ്വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ  പ്രത്യേക പാക്കേജ്  നൽകാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്  ഡെപ്പോസിറ്റിന്റെ ഗ്യാരന്റി ബോർഡ്, സഹകരണ പുനരുദ്ധാരണ നിധി, കേരളബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. മറ്റു സംഘങ്ങളിൽ നിന്ന് പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് കണ്ടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കും. കടാശ്വാസപദ്ധതി പ്രകാരം ബാങ്കിന് ലഭിക്കാനുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. നിക്ഷേപകരുടെ യോഗം വിളിച്ചുചേർത്ത് പുനരുദ്ധാരണ നടപടികൾ വിശദീകരിക്കാനും പണം തിരികെ നൽകുന്നതിനുള്ള പാക്കേജ് ഒരുക്കാനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കമ്മിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടർ ചെയ്യും.

മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിക്കവറി നടപടി വേഗത്തിൽ ആക്കുന്നതിന് നിയമപരമായ മാർഗം സ്വീകരിക്കും, കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ബാങ്ക് ലഭ്യമാക്കുവാനും മന്ത്രി സഹകരണ വകുപ്പിന് നിർദ്ദേശം നൽകി.ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും,  കർശന നടപടികൾ എടുത്ത് നിക്ഷേപകന് പോലും ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

bank