/kalakaumudi/media/media_files/2026/02/01/kanda2-2026-02-01-22-09-15.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്ത്രിയെ പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിശോധന നാളെ ആയതിനാല്‍ ഇന്ന് ആശുപത്രിയില്‍ തുടരും. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്. റിമാന്‍ഡിലായി തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കണ്ഠര് രാജീവര് ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നല്‍കി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ കണ്ഠര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.
കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കര്‍ണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും അന്നു തുടങ്ങിയ ബന്ധത്തിന്റെ പേരില്‍ 2004 മുതല്‍ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രിക്കു ജാമ്യം നല്‍കിയാല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും സ്വാധീനം ചെലുത്തി തെളിവു നശിപ്പിക്കാനും സാക്ഷികളെ വശപ്പെടുത്താനും ശ്രമിക്കുമെന്നും എസ്ഐടി പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
