ഒയാസിസ് കമ്പനിക്ക് പ്രാരംഭ അനുമതി നല്‍കികൊണ്ടാണ് ഉത്തരവ്

അസംസ്‌കൃത വസ്തുവായി കാര്‍ഷിക വിളകളും ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് സഹായകരമാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതേസമയം ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

author-image
Biju
New Update
bbbb

Brewery

പാലക്കാട്: കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കി. ഒയാസിസ് കമ്പനിക്ക് പ്രാരംഭ അനുമതി നല്‍കികൊണ്ടാണ് ഉത്തരവ്. നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും ഒന്നാം ഘട്ടത്തില്‍ ബോട്ട്ലിംഗ് യൂണിറ്റ്, രണ്ടാം ഘട്ടമായി എഥനോള്‍ നിര്‍മാണം, മൂന്നാം ഘട്ടമായി പ്ലാന്റ്, നാലാം ഘട്ടമായി ബ്രൂവറി എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുകയെന്നും ഉത്തരവില്‍ പറയുന്നു.

ജലം നല്‍കുന്നതിന് വാട്ടര്‍ അതോരിറ്റിയുടെ അനുമതിയുണ്ടാകുമെന്നും എക്സൈസ് വകുപ്പ് പറയുന്നു. 600 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണിത്. റെയിന്‍ ഹാര്‍വെസ്റ്റിംഗ് പദ്ധതിയും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിയില്‍ ജലചൂഷണം ഉണ്ടാകില്ലെന്ന് എക്സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.

അസംസ്‌കൃത വസ്തുവായി കാര്‍ഷിക വിളകളും ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് സഹായകരമാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതേസമയം ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ അടക്കം ഉള്‍പ്പെട്ടവരാണെന്നും അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെയാണ് സര്‍ക്കാരിന് അനുമതി നല്‍കാന്‍ സാധിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചിരുന്നു. 

2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തനിയാവര്‍ത്തനമാണു പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. 

എന്നാല്‍ 2018ല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയായിരുന്നു അനുമതി നല്‍കിയതെങ്കില്‍ ഇക്കുറി മദ്യനയത്തിനനുസരിച്ചു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണു മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ പറയണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. 

സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നായനാര്‍ മന്ത്രിസഭ തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷമായി ഈ നിലപാടു തന്നെയാണു തുടര്‍ന്നു പോന്നിരുന്നത്. എന്നാല്‍ 2018ല്‍ ഇതു മറികടന്നു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്റിങ് യൂണിറ്റുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദത്തിനിടയാക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കരാര്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു. 

പ്രളയകാലത്ത് അനാവശ്യ വിവാദം ഒഴിവാക്കാനാണു കരാര്‍ റദ്ദാക്കിയതെന്ന വിചിത്രവാദമാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ സിപിഐ മന്ത്രിമാരും എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. 

തന്റെ മണ്ഡലത്തില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോടു വി.എസ്. അച്യുതാനന്ദനും അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആയിരുന്നു അന്ന് എക്സൈസ് മന്ത്രി. 

അതേസമയം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് അന്നു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. 

ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കത്തു നല്‍കിയെങ്കിലും ഗവര്‍ണായിരുന്ന പി.സദാശിവം അതു തള്ളിക്കളയുകയായിരുന്നു.