/kalakaumudi/media/media_files/2025/04/04/sOuEJfP4hIU0ASBgIxy5.jpg)
kannadipaya
കേരളത്തില്‍നിന്നും കൈകൊണ്ടു നിര്‍മ്മിച്ചു ഭൗമസൂചികാപദവി നേടുന്ന ആദ്യ മുള ഉല്‍പ്പന്നമായി കണ്ണാടിപ്പായ. കരകൗശല വിദഗ്ധരായ ഇടുക്കിയിലെ ആദിവാസികളാണ് കണ്ണാടിപോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കാവുന്ന ഈ ഉല്‍പ്പന്നത്തിനു പിന്നില്‍.ഊരാളി,മന്നന്‍,മുതുവാന്‍ എന്നീ വിഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ ഇവ നിര്‍മ്മിക്കുന്നത്.
പരമ്പരാഗതമായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം നടത്തുന്നവരെ സാമ്പത്തികമായി പിന്തുണയ്ക്കാനും, അതുപോലെത്തന്നെ ഇത്തരം ചെറു ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് തൃശ്ശൂര്‍ പീച്ചി ആസ്ഥാനമായുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് കണ്ണാടിപ്പായയെ പ്രോത്സാഹിപ്പിച്ചത്. ഇതിന്റെ ഫലമായാണ് ഭൗമസൂചികാപദവി നേടിയത്.
ഇവയുടെ നിര്‍മ്മാണപ്രക്രിയ ഒരുപാടു സമയമെടുക്കുന്നതാണ്.ഒരു മാസത്തിലധികം ചിലപ്പോള്‍ വേണ്ടി വരും.അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും ഏറെ അദ്ധ്വാനവുമുണ്ട്. കാട്ടിലേക്ക് ഒരുപാട് ദൂരം അകത്തേക്ക് കടന്നു വേണം ഇവയ്ക്കുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ എന്നതും, ഇവയുടെ നിര്‍മ്മാണം സങ്കീര്‍ണ്ണമാക്കുന്നു.