/kalakaumudi/media/media_files/2026/01/19/baby2-2026-01-19-11-25-52.jpg)
കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ വിധി ഇന്ന്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. തയ്യില്‍ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് കേസിലെ പ്രതികള്‍. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
2020 ഫെബ്രുവരി 17-നാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ഒരു തിരോധാനമായി കരുതിയ കേസ്, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
തയ്യില്‍ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാന്‍. സംഭവ ദിവസം പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ തന്നെയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി. കാമുകനോടൊപ്പം ജീവിക്കാന്‍ കുഞ്ഞ് ഒരു തടസമാകുമെന്ന് കരുതി അമ്മയായ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
പുലര്‍ച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കടല്‍ഭിത്തിയിലെ കരിങ്കല്ലുകള്‍ക്കിടയിലേക്ക് ശരണ്യ വലിച്ചെറിയുകയായിരുന്നു. ആദ്യത്തെ വീഴ്ചയില്‍ തന്നെ കുഞ്ഞിന് മാരകമായി പരുക്കേറ്റു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാന്‍ രണ്ടാമതും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞതായി ശരണ്യ പിന്നീട് പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം തിരികെ വീട്ടിലെത്തിയ ശരണ്യ, കുഞ്ഞിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി എന്ന രീതിയില്‍ വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തി. കേസില്‍ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
