/kalakaumudi/media/media_files/2025/08/30/ragesh-2-2025-08-30-11-23-52.jpg)
കണ്ണൂർ: കണ്ണപുരം സ്ഫോടനത്തിൽ രാഷ്ട്രീയ ആരോപണവുമായി സിപിഎം. പ്രതി അനൂപ് മാലിക് കോൺഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണം. ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ല. ഇത്രയും മാരകമായ സ്‌ഫോടക വസ്തുക്കൾ എന്തിനാണ് നിർമിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ മരിച്ചയാൾ കിടന്നുറങ്ങുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങൾ വീണാണ് മരണം സംഭവിച്ചത്. പൊട്ടിയത് പടക്കമോ ബോംബ് ആണോ എന്നതിൽ വ്യക്തത ഇല്ല. പൊലീസ് കേസ് എടുത്ത വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക് ഏത് രാഷ്ട്രീയക്കാരൻ ആണെന്ന് അറിയില്ലെന്നും ഏത് രാഷ്ട്രീയമെന്നതിൽ കാര്യമില്ലെന്നും കെ കെ രാഗേഷ് പ്രതികരിച്ചു.
അതേസമയം കണ്ണപുരം സ്ഫോടനത്തിൽ പൊലീസിന്റെ പിഴവിനെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തുന്നത്. പൊലീസിന്റെ ഭാഗത്തുണ്ടായത് വീഴ്ച്ചയാണ്. കൃത്യമായ അന്വേഷണം നടക്കണം. പ്രതി മുൻപും സമാനമായി സ്ഫോടക വസ്തുക്കൾ നിർമിച്ചു. ആരാണ് എന്താണ് ചെയ്തത് എന്നറിയാത്ത അവസ്ഥ. മുക്കിലും മൂലയിലും ബോംബ് പൊട്ടി സാധാരണക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടാകുന്നത് പൊലീസ് വീഴ്ചയാണ്. സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടം എന്ന് മാർട്ടിൻ ജോർജ് പ്രതികരിച്ചു. അനൂപ് എന്തിന് ബോംബ് നിർമിച്ചുവെന്നും അയാളുടെ രാഷ്ട്രീയമെന്തെന്ന് പരിശോധിക്കണമെന്നും ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.