നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍

നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നും കത്തില്‍ പറയുന്നു.

author-image
Anagha Rajeev
New Update
kannur collector

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ കത്ത്. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി. പത്തനംതിട്ട സബ് കളക്ടര്‍ വഴിയാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കളക്ടര്‍ കത്ത് കൈമാറിയത്. സബ് കളക്ടര്‍ നേരിട്ടെത്തി കുടുംബത്തിന് കത്ത് കൈമാറുകയായിരുന്നു.

നവീന്റെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നുവെന്നും നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്നു കരുതിയെങ്കിലും സാധിച്ചില്ലെന്നും കത്തില്‍ പറയുന്നു. നവീന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ തന്റെ തോളോടു തോള്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി തനിക്കറിയാവുന്ന നവീന്‍ എന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ കളക്ടര്‍ അരുണ്‍ പറയുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കളക്ടര്‍ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനന്‍ രംഗത്തെത്തിയിരുന്നു. അരുണ്‍ കെ. വിജയനാണ് പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് എന്നാണ് ആരോപണം. 

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തിയതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശന്‍ ആരോപിച്ചിരുന്നു.

adm naveen babu