/kalakaumudi/media/media_files/2025/12/18/indira-2025-12-18-17-43-17.jpg)
കണ്ണൂര്‍: പി. ഇന്ദിര കണ്ണൂര്‍ കോര്‍പറേഷന്‍ മേയറാകും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ ഡപ്യൂട്ടി മേയറായ പി. ഇന്ദിരയുടേയും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പി. ഇന്ദിരയെ മേയറായി പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പറേഷനിലാണ് ആദ്യമായി കോണ്‍ഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവരുടെ പിന്തുണ പി. ഇന്ദിരയ്ക്കായിരുന്നു. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ 4 പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
കെഎസ്യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജില്‍ അട്ടിമറി ജയത്തിലൂടെ പി. ഇന്ദിര ചെയര്‍പഴ്‌സനായിരുന്നു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഇന്ദിര കൗണ്‍സിലറായിരുന്നു. ഡപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. 56 സീറ്റില്‍ 36 ഉം നേടിയാണ് യുഡിഎഫ് കോര്‍പറേഷന്‍ നിലനിര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഇന്ദിര മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതു മുതല്‍ കൗണ്‍സിലറായ ഇന്ദിര തുടര്‍ച്ചയായി മൂന്നാം തവണയായി ജയിക്കുന്നത്. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
