/kalakaumudi/media/media_files/xO1jAZdcxHAb5n34x0e6.jpg)
panoor bomb blast
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട് സന്ദർശിച്ച് സി.പി.എം നേതാക്കൾ.പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ.അശോകൻ എന്നിവരാണ് ഞായറാഴ്ച ഷെറിന്റെ വീട്ടിലെത്തിയത്. സംസ്കാരച്ചടങ്ങിൽ എം.എൽ.എ കെ.പി.മോഹനനും പങ്കെടുത്തു. ഷറിലുമായോ ബോംബ് നിർമാണവുമായോ യാതൊരു ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് പ്രമുഖ പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്. എന്നാൽ, എം.എൽ.എ എന്ന നിലയിൽ മാത്രമാണ് ഷെറിന്റെ വീട്ടിൽ പോയതെന്ന് കെ.പി.മോഹനൻ പ്രതികരിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ ഉഗ്ര സ്ഫോടനമുണ്ടായത്.തുടർന്ന് സ്ഫോടനത്തിൽ സി.പി.എം അനുഭാവിയായ ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരുക്കേറ്റിരുന്നു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റത്. ഇവരിൽ വിനീഷിപ്പോഴും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്.
സംഭവത്തിൽ സി.പി.എമ്മിന്റെ പ്രാദേശിക പ്രവർത്തകരായ നാലു പേർ അറസ്റ്റിലായിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.