/kalakaumudi/media/media_files/2025/03/22/v5mpzI1TYBo5lMxsHxiD.jpg)
തിരുവനന്തപുരം: സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്ന് വച്ച് തുന്നിയ സംഭവത്തില്‍ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സര്‍ക്കാരിന് വിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേര്‍ത്തിരുന്നു.
അസഹ്യമായ വയറുവേദന , പനി , മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പലതവണ വീട്ടില്‍ പോയി കണ്ട് ചികിത്സ നടത്തി . എന്നാല്‍ വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകള്‍ നല്‍കി മടക്കി അയച്ചെന്നാണ് ലോക് അദാലത്തിന് ലഭിച്ച പരാതിയില്‍ ഉള്ളത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ. സുജ അഗസ്റ്റിന്‍ കുറ്റക്കാരിയെന്ന് വിധിക്കുകയും 3 ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സ ചിലവും , 5000 രൂപ കോടതി ചിലവും നല്‍കണമെന്ന് വിധിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെതിരെ പൊതു പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ . കുളത്തൂര്‍ ജയ്സിങ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
പരാതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ.ജെ. നിലപാട് സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെ പേരും വിവരങ്ങളും ഇതോടൊപ്പം അഡ്വ. കുളത്തൂര്‍ ജയ്സിങിന്റെ പരാതിയും തീരുമാനത്തിനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി.