/kalakaumudi/media/media_files/2025/07/20/app-2025-07-20-18-22-26.jpg)
ആലപ്പുഴ: ചിങ്ങോലി പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ ഭാഗികമായി തകര്‍ന്നു. വരാന്തയുടെ മുകള്‍ ഭാഗത്തെ കഴുക്കോലും ഓടുകളും ആണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ഇവിടെ ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നില്ല.
കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് രണ്ടു കോടി രൂപ ചെലവില്‍ സ്‌കൂളില്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചെങ്കിലും വൈദ്യുതീകരണം നടക്കാത്തതിനാല്‍ തുറന്നു കൊടുത്തിട്ടില്ല. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതുപ്രകാരം യുപി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം കെ.എന്‍. നിബു പറഞ്ഞു.
കെട്ടിടത്തിനു ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ ഇവിടുത്തെ ക്ലാസ് മുറികള്‍ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ചിങ്ങോലി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷനായ അനീഷ് എസ്. ചേപ്പാട് പറഞ്ഞു. പുതിയ കെട്ടിടത്തില്‍ വൈദ്യുതീകരണം എത്രയും വേഗം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.