കൊല്ലം: കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ഏരിയ കമ്മറ്റി പിരിച്ചു വിട്ടു നേതൃത്വം.നിലവിലെ ഏരിയ കമ്മറ്റിക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിനാൽ ചുമതല അഡ്‌ഹോക് കമ്മറ്റിക്ക് കൈമാറി.ഏഴ് അംഗങ്ങളാണ് അഡ്‌ഹോക് കമ്മറ്റിയിൽ ഉള്ളത്. തര്‍ക്കത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും അലങ്കോലപ്പെട്ടിരുന്നു. പിന്നാലെ സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ചിരുന്നു. കരുനാഗപ്പള്ളിയിൽ സിപിഎം ഏരിയ സമ്മേളനം ഉണ്ടാകില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടറിയേറ്റ് ,ജില്ലാ കമ്മറ്റി തുടങ്ങിയ യോഗങ്ങളിൽ പങ്കെടുത്തിരുന്നു.ഈ യോഗത്തിലാണ് ഏരിയ കമ്മറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ നേതൃത്വം നല്‍കുന്ന സംഘം കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ തകര്‍ത്തെന്ന് വിമത വിഭാഗം ആരോപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.എന്നാൽ കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്‌നമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ടി മനോഹരന്‍ കണ്‍വീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എല്‍ സജികുമാര്‍, എസ് ആര്‍ അരുണ്‍ ബാബു, പി വി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, ബി ഇക്ബാല്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്