/kalakaumudi/media/media_files/2025/12/11/kavadiyar-2025-12-11-13-28-02.jpg)
തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ കേരള സിലബസും കേന്ദ്ര സിലബസുകളും സംഗമിക്കുന്ന വിദ്യാലയമായ കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂൾ സുവർണജൂബിലി നിറവിൽ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച സ്‌കൂളിന്റെ 50-ാം വാർഷികആഘോഷങ്ങൾ ഇന്ന് വൈകിട്ട് 4 ന് ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് ഇമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രയോർ ജനറൽ റവ.ഡോ.തോമസ് ചാത്തൻപറമ്പിൽ മുഖ്യപ്രഭാഷണവും നടത്തും.
വിവിധ കലാപരിപാടികളും അരങ്ങേറും. സ്‌കൂളിന്റെ സുവർണ ജൂബിലിക്കൊപ്പം ക്രൈസ് നഗർ ആശ്രമത്തിന്റെ 50-ാം വാർഷികവുമാണ്.
ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് സ്‌കൂൾ മാനേജർ ഫാ.പോൾ മങ്ങാട് അറിയിച്ചു.
സിഎംഐ സഭയുടെ കീഴിൽ ജില്ലയിൽ ആരംഭിച്ച ആദ്യ സ്‌കൂളാണിത്. 1976 ൽ ആരംഭിച്ച ക്രൈസ് നഗർ ആശ്രമത്തിന് അനുബന്ധമായാണ് 1976 ജൂൺ ഒന്നിന് കേരള സിലബസ് സ്‌കൂളും ആരംഭിച്ചത്.
5,8 ക്‌ളാസുകളായിരുന്നു ആദ്യം. പ്രവേശനം നേടിയത് 90 വിദ്യാർത്ഥികൾ. 1994 ൽ ഐസിഎസ്ഇ സ്‌കൂൾ ആരംഭിച്ചു. 2004 ൽ രാജ്യാന്തര സിലബസായ ഐജിസിഎസ്ടി സ്‌കൂളും അടുത്ത വർഷം സിബിഎസ്ഇ സ്‌കൂളും ആരംഭിച്ചു.
കേരള സിലബസ് മുതൽ രാജ്യാന്തര സിലബസ് വരെ ഒരു ക്യാംപസിൽ സംഗമിക്കുന്ന അപൂർവതയുമുണ്ട്.
പിന്നീട് ഐജിസിഎസ്ടി സ്‌കൂൾ കഴക്കൂട്ടത്തേക്കു മാറ്റിയെങ്കിലും മറ്റു 3 സിലബസ് സ്‌കൂളുകളും ഇപ്പോഴും ഒരേ ക്യാപസിൽ പ്രവർത്തിക്കുന്നു.
3 സിലബസ് സ്‌കൂളിലുമായി ആറായിരത്തോളം കുട്ടികളും മുന്നൂറിലേറെ അധ്യാപകരുമുണ്ട്.
അധ്യാപകരിൽ ബഹുഭൂരിപക്ഷവും വനിതകൾ. എസ്എസ്എൽസി പ്‌ളസ്ടു സിബിഎസ്ഇ ഐസിഎസ്ഇ 10,12 ക്‌ളാസുകളിലെ പരീക്ഷകളിലുമെല്ലാം ഏറ്റവും മികച്ച വിജയം സ്‌കൂൾ സ്ഥിരമായി നേടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
