മികച്ച ആശുപത്രികൾക്കുള്ള കായകൽപ്പ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്.

author-image
Shibu koottumvaathukkal
New Update
image_search_1752287349407

തിരുവനന്തപുരം : മികച്ച സർക്കാർ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. 

93 ശതമാനം മാർക്ക് നേടി തൃശ്ശൂർ, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയും, എറണാകുളം ജനറൽ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് പങ്കിട്ടു (25 ലക്ഷം വീതം). 92 ശതമാനം മാർക്ക് നേടി മലപ്പുറം ജില്ലാ ആശുപത്രിയും , കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപയുടെ പുരസ്‌കാരം പങ്കിട്ടു (10 ലക്ഷം വീതം). 

പരിസ്ഥിതി സൗഹൃദ അവാർഡ് വിഭാഗത്തിൽ 96 ശതമാനം മാർക്ക് നേടി തൃശ്ശൂർ, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രികൾ 10 ലക്ഷം രൂപ നേടി. സബ് ജില്ലാതലത്തിൽ 96 ശതമാനം മാർക്കോടെ കാസർഗോഡ്, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി 5 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ അവാർഡിനും അർഹരായി. കൂടാതെ സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി 16 ആശുപത്രികൾ 3 ലക്ഷം രൂപ വീതം കായകൽപ്പ് കമൻഡേഷൻ അവാർഡ് തുകയ്ക്ക് അർഹരായി.

 

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ, ജനറൽ,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് സംസ്ഥാനതല കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

 

kerala hospital