/kalakaumudi/media/media_files/2025/07/10/bindhu-2025-07-10-18-59-05.jpg)
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ല. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
യഥാര്‍ഥത്തില്‍ പ്രോസ്പെക്ടസില്‍ ഏതു സമയത്തും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ കോടതിവിധി അംഗീകരിക്കുകയാണ്. എഐസിടി പ്രവേശനത്തിന് അവസാനതിയതി പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 14 ആണ്. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന പ്രക്രിയ തന്നെ തുടരും.
കുട്ടികളുടെ അവസരം നഷ്ടപ്പെടാന്‍ പാടില്ല. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി പറഞ്ഞു. മാറ്റം സംബന്ധിച്ച് നേരത്തെ ആലോചിക്കേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് ആ വക ചോദ്യത്തിനൊന്നും പ്രസക്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കീം പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് ശ്രമിച്ചത്. ഈ വര്‍ഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിനു കഴിയാതെ വന്നിരിക്കുകയാണ്. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.