ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപി

സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകള്‍. എന്നാല്‍, അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ല്‍ ഹൈക്കോടതി ട്രാക്ടറുകളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്

author-image
Biju
New Update
ajithkumar

തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ നടപടിക്ക് ശുപാര്‍ശകളില്ലാതെയാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകള്‍. എന്നാല്‍, അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ല്‍ ഹൈക്കോടതി ട്രാക്ടറുകളില്‍ ആളുകള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്.

പൊലീസ് ട്രാക്ടറില്‍ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാര്‍ക്ക് ഒപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ, 12-ാം തീയതി രാത്രി എം.ആര്‍. അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്. അതേ ട്രാക്ടറില്‍ തന്നെ തിരിച്ച് ഇറങ്ങി. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് എഡിജിപിക്കെതിരെ നടത്തിയത്. 

ഡിജിപിയുടെ പേരിലുള്ള പൊലീസിന്റെ ട്രാക്ടറിലായിരുന്നു എഡിജിപിയുടെ യാത്ര. എന്നാല്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച ട്രാക്ടര്‍ ഓടിച്ച പൊലീസ് ഡ്രൈവറെ ബലിയാടാക്കിയതില്‍ സേനയ്ക്ക് ഉള്ളില്‍ അമര്‍ഷം ശക്തമാണ്. സന്നിധാനത്ത് അജിത് കുമാര്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പരിഗണന ഹരിവരാസന സമയത്ത് എഡിജിപിക്ക് നല്‍കിയെന്ന ആക്ഷേപവുമുണ്ട്.

adgp m r ajith kumar