ഓണം വാരാഘോഷമില്ല, കേരളീയം നടത്തും; 7.40 കോടി നൽകി ധനവകുപ്പ്

പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നിരുന്നു. ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 

author-image
Vishnupriya
New Update
nm
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം മാറ്റിയെങ്കിലും കേരളീയം നടത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയത്തിന് 7.40 കോടി അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27ന് ടൂറിസം വകുപ്പ് ധനവകുപ്പിനോടു പണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 31നാണ് തുക അനുവദിച്ചിരിക്കുന്നത്. 

ഈ വര്‍ഷം ഡിസംബറിലാകും പരിപാടി നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നിരുന്നു. ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 

ഇനി എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. 2023ലെ കേരളീയം പരിപാടിയുടെ കുടിശിക തുക നല്‍കനാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 2023 നവംബറില്‍ നടന്ന കേരളീയം പരിപാടിക്ക് 27 കോടി രൂപ സര്‍ക്കാര്‍ ചെലവായിരുന്നു. ബാക്കി തുക സ്‌പോണ്‍സര്‍മാരിൽ നിന്നു പിരിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 

സ്വകാര്യ സ്‌പോണ്‍സര്‍മാരില്‍നിന്നു പണം പിരിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.

keraleeyam 2024 onam