/kalakaumudi/media/media_files/2025/03/20/yvKc8TqMboQgCLvhyuKd.jpg)
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്.
ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിക്ക് പകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തുമെന്നുമാണ് വിവരം.
എന്‍എച്ച്എം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതിനുപിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയത്. സ്വന്തം ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ചര്‍ച്ചയ്ക്കിടെ മന്ത്രിയെ ബോധിപ്പിച്ചെന്ന് ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാരിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി പൊടുന്നനെ വന്ന് 300 ശതമാനം വര്‍ധനയൊക്കെ ആവശ്യപ്പെട്ടാല്‍ എങ്ങനെ തരും സര്‍ക്കാര്‍ ഒപ്പമുണ്ട്. അടുത്തയാഴ്ച കേന്ദ്രത്തില്‍ പോകുന്നുണ്ട്. ചര്‍ച്ച ചെയ്യാം, നിങ്ങള്‍ പോകണം. എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും ഇരുത്തുന്നതില്‍ വിഷമമുണ്ടെന്നൊക്കെയാണ് മന്ത്രി പറയുന്നത്. സമരം നിര്‍ത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചത്.
ഒരു രൂപയുടെ പോലും വര്‍ധനവില്ലാതെ, അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് തിരിച്ചുപോവുകയെന്ന് ഞങ്ങള്‍ ചോദിച്ചു. സര്‍ക്കാരിന്റെ പ്രാരാബ്ധത്തേക്കുറിച്ച് മന്ത്രി എപ്പോഴും പറയുന്നതും നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു എന്ന് മാത്രമേയുള്ളൂ.
ഇപ്പറഞ്ഞതിനപ്പുറം ഒരു ചര്‍ച്ചയേ നടക്കുന്നില്ല. എന്‍എച്ച്എമ്മിന്റെ ഡയറക്ടറടക്കം ചര്‍ച്ചയ്ക്കുണ്ടായിരുന്നു. ചര്‍ച്ച നടത്തി എന്ന് വരുത്തുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.