/kalakaumudi/media/media_files/2025/03/19/jlfEir5XSMZQ8LVd4QTV.jpg)
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല.
പിന്നാലെ സമരക്കാര്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ ആരോഗ്യമന്ത്രി നേരിട്ട് ഇവരെ വൈകിട്ടോടെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച. ഇവിടെയും ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരത്തില്‍ ഉറച്ച് നില്‍ക്കാന്‍ ആശമാര്‍ തീരുമാനിക്കുകയായിരുന്നു.
ആശമാര്‍ സമരം അവസാനിപ്പിക്കണമെന്നും അടുത്തയാഴ്ച കേന്ദ്രമന്ത്രിയുമായി സംസാരിക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി ആശമാര്‍ അറിയിച്ചു. എന്നാല്‍ ആവശ്യം സംബന്ധിച്ച യാതൊരു ഉറപ്പും ലഭിക്കാത്തതിനാല്‍ സമരം തുടരാന്‍ തീരുമാനമെടുത്തെന്നും നാളെ നിരാഹാര സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നാളെ രാവിലെ 11 മണിക്കാണ് നിരാഹാരം ആരംഭിക്കുക. എന്നാല്‍ ആരൊക്കെ നിരാഹാരം കിട്ടക്കും എന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. ഉടന്‍ തന്നെ ഇവരുടെ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും നേതാക്കള്‍ പറയുന്നു.
രാവിലെ എന്‍എച്ച്എം ഡയറക്ടറുമായി നടന്ന ചര്‍ച്ചയില്‍ ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നതെന്നും എന്നാല്‍ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.