/kalakaumudi/media/media_files/2025/08/29/ramesh-chennithala-2025-08-29-11-47-05.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയര്‍മാന്‍.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം എം.പി ശശി തരൂര്‍ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷന്‍.ഷാഫി പറമ്പില്‍ എം.പിയാണ് പ്രചാരണ സമിതി കണ്‍വീനര്‍. ബെന്നി ബഹ്നാന്‍ എം.പി പ്രകടനപത്രിക സമിതി ചെയര്‍മാന്‍ ആകും. കൊടിക്കുന്നില്‍ സുരേഷാണ് സഹഅധ്യക്ഷന്‍.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. 'വിഷന്‍ 2026' ലക്ഷ്യമിട്ടുള്ള വിപുലമായ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് ബെന്നി ബഹ്നാന്‍ അധ്യക്ഷനായ സമിതിക്ക് നല്‍കിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
