/kalakaumudi/media/media_files/2025/01/29/I2h8srhH5E2poFThT0Ic.jpg)
Rep. Img
തിരുവനന്തപുരം: ജനപ്രിയ ബ്രാന്‍ഡ് ആയ ജവാന്‍ റംമ്മിന് ഉള്‍പ്പെടെ വിലവര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. വിലവര്‍ദ്ധനവില്‍ എതിര്‍പ്പും സര്‍ക്കാരിന് ഏല്‍ക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ പുതിയ തീരുമാനം കൂടി സര്‍ക്കര്‍ എടുത്തിരിക്കുകയാണ്.
പുതിയ 74 ടൂറിസം കേന്ദ്രങ്ങള്‍ കൂടി എക്‌സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉള്‍പ്പെടുന്ന മുഴുവന്‍ വില്ലേജുകളിലെയും ബാര്‍, ബീയര്‍ പാര്‍ലര്‍ പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ കൂടി നീളും. രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ കൊച്ചി ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ല. കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്‌സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തപ്പോള്‍ കോര്‍പറേഷന്‍ പ്രദേശത്തെ ഒഴിവാക്കി. തിരുവനന്തപുരം നഗരത്തില്‍ ഒരു ടൂറിസം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിധി 200 മീറ്ററാക്കി ചുരുക്കി.
നിലവിലുള്ള 15 ടൂറിസം കേന്ദ്രങ്ങള്‍ക്കു പുറമേയാണു 74 കേന്ദ്രങ്ങള്‍ കൂടി എക്‌സൈസ് വകുപ്പ് അംഗീകരിച്ചത്. ബാര്‍, ബീയര്‍ പാര്‍ലറുകളുടെ പ്രവര്‍ത്തനസമയം ഇപ്പോള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. എന്നാല്‍ നോട്ടിഫൈഡ് ടൂറിസം കേന്ദ്രങ്ങളാണെങ്കില്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാം.
നൈറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ രാത്രിയിലെ സമയം നീട്ടി നല്‍കണമെന്നതു ടൂറിസം മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്. കോണ്‍ഫറന്‍സ് ടൂറിസം കൂടുതല്‍ നടക്കുന്ന കൊച്ചിയില്‍നിന്നാണ് ഈ ആവശ്യം പ്രധാനമായി ഉയര്‍ന്നിരുന്നത്. പുതിയ വിജ്ഞാപനത്തില്‍ കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്‌സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. എറണാകുളം, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകള്‍ക്കാണു ബാധകം.
എന്നാല്‍ ഈ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തിനു ബാധകമല്ലെന്നു വിജ്ഞാപനത്തില്‍ പറയുന്നു. തിരുവനന്തപുരത്തു കവടിയാര്‍ പാലസ് മുതല്‍ പട്ടം പാലസ് വരെയുള്ള 200 മീറ്ററില്‍ ടൂറിസം കേന്ദ്രം ഒതുക്കുകയും ചെയ്തു. കോഴിക്കോട്ടും കൊല്ലത്തും കോര്‍പറേഷന്‍ പരിധിയിലെ ബീച്ചിനെ മാത്രമായി നോട്ടിഫൈ ചെയ്ത് മറ്റു പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.