മദ്യനിര്‍മ്മാണ ശാലയ്ക്ക് എല്‍ഡിഎഫിന്റെ അംഗീകാരം

ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ സിപിഐയും ആര്‍ജെഡിയും ഉയര്‍ത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Biju
New Update
dh

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു. എന്നാല്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ വ്യക്തമാക്കി.

ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ സിപിഐയും ആര്‍ജെഡിയും ഉയര്‍ത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്ന് യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. എലപ്പുള്ളിയില്‍ നിന്ന് മാറി മറ്റൊരു സ്ഥലം പരിഗണിച്ചൂടേയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കുടിവെള്ളത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യോഗത്തില്‍ എംവി ഗോവിന്ദനും നിലപാടെടുത്തു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഇടതുമുന്നണി വലിയ പ്രക്ഷോഭം നടത്തുമെന്ന് യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മാര്‍ച്ച് 17 ന് രാജ് ഭവന്‍ മാര്‍ച്ചും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രക്ഷോഭവും സംഘടിപ്പിക്കും. സംസ്ഥാനത്ത് ലഹരി വിപത്തിനെതിരെ ബോധവത്കരണം നടത്തും. കടല്‍ മണല്‍ ഖനനത്തെ എതിര്‍ക്കും. കടല്‍ - വനം കടന്നു കയറ്റത്തിനെതിരെ പ്രക്ഷോഭത്തില്‍ യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ടിപി രാമകൃഷ്ണന്‍ യുഡിഎഫുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

ldf ldf government CM Pinarayi viajan palakad brewery