വിഴിഞ്ഞം തുറമുഖത്തിന് 1000 കോടി രൂപ; ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം

റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നല്‍കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സിന് 15 കോടി രൂപ വകയിരുത്തി

author-image
Rajesh T L
New Update
kerala budget 2026 vizhinjam port kalakaumudi

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപ. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ബജറ്റിലുണ്ട്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നല്‍കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സിന് 15 കോടി രൂപ വകയിരുത്തി. 

അങ്കമാലി മുതല്‍ തിരുവനന്തപുരം വരെയുള്ള എംസി റോഡിന്റെ വികസനത്തിന് 5917 കോടി രൂപ. 24 മീറ്റര്‍ നാലു വരി പാതയായി എംസി റോഡ് പുനര്‍നിര്‍മിക്കും. എംസി റോഡിലെ ഗതാഗതക്കുരുക്ക് മാറ്റും. ഇതിനായി ബൈപ്പാസ് നിര്‍മിക്കുകയും ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും. 

കിഫ്ബി വഴി ആദ്യ ഘട്ടമായി 5217 കോടി രൂപ വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങലില്‍ ബൈപ്പാസുകള്‍ നിര്‍മിക്കുന്നതും വിവിധ ജംഗ്ഷനുകള്‍ വികസിപ്പിക്കുന്നതും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി നല്‍കിയതായും ധനമന്ത്രി അറിയിച്ചു.

ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിന് 5917 കോടി.  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

പമ്പാ നദി മാലിന്യ മുക്തമാക്കാന്‍ 30 കോടി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതം 30 കോടിയായി വര്‍ദ്ധിപ്പിച്ചു. നെല്ല് സംഭരണത്തിന് 30 കോടി. യുവജന ക്ലബുകള്‍ക്ക് 10,000 രൂപയുടെ സഹായം. കാന്‍സര്‍-എയ്ഡ്‌സ് രോഗികള്‍ക്ക് 2000 രൂപ സഹായം. ഓട്ടോ തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. മെഡിസെപ്പ് 2.0 ഫെബ്രുവരി മുതല്‍. മണ്‍പാത്ര നിര്‍മാണ മേഖലയ്ക്ക് ഒരു കോടി. കേര പദ്ധതിക്ക് 100 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

സ്ത്രീ സുരക്ഷാ പെന്‍ഷന് സംസ്ഥാന ബജറ്റില്‍ 3820 കോടി രൂപ. മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂുതാനന്ദന്റെ സമരണക്കായി തിരുവനന്തപുരത്ത് വി എസ് സെന്ററിന് 20 കോടി അനുവദിച്ചു. 

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാന വരുമാനത്തില്‍ 1000 രൂപ വര്‍ദ്ധനവും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും പ്രഖ്യാപിച്ചു. 

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും. ഖരമാലിന്യ സംസ്‌കരണത്തിന് 160 കോടി അനുവദിച്ചു. മുന്‍ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി. കെ എസ് ആര്‍ സിടിക്ക് 8500 കോടി രൂപയും നല്‍കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമതും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റില്‍ കേന്ദ്രത്തിന് അതിരൂക്ഷ വിമര്‍ശനം. കേന്ദ്രം കേരളത്തെ നികുതി വരുമാനം വെട്ടിക്കുറിച്ച് ശ്വാസം മുട്ടിക്കുന്നു. അതിനിടയിലും കേരളം വളരുകയാണെന്നും മന്ത്രി പറഞ്ഞു.

kerala budget vizhinjam port pinarayi viajayan