കേരള ബജറ്റ് 2026

പറയുന്ന കാര്യം ചെയ്യുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ചെയ്ത് തീർക്കാൻ കഴിയുന്ന പ്രായോഗികമായ ബജറ്റാണ് അവതരിപ്പിക്കുക

author-image
Devina
New Update
keru

വിരമിച്ചവർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി   
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് മെഡിസെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും

സൗജന്യ ചികിത്സ
റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ധനമന്ത്രി. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നും ധനമന്ത്രി വ്യക്തമാക്കി

മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ
സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടമായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കും.

എംസി റോഡ് വികസനം
എംസി റോഡ് ആദ്യ ഘട്ട വികസനത്തിന് 5217 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെയ്ക്കും

റാപ്പിഡ് റെയിൽ നാലുഘട്ടം
തിരുവനന്തപുരം മുതൽ കാസർകോട് വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട റാപ്പിഡ് റെയിലിന്റെ നിർമ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ നിർമ്മിക്കും. തൃശൂർ- കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തിൽ. മൂന്നാം ഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ പാളം ഇടും. നാലാം ഘട്ടത്തിൽ ഇത് കാസർകോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി നൂറ് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വി എസ് സെന്റർ
അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓർമ്മയ്ക്കായി തിരുവനന്തപുരത്ത് വി എസ് സെന്റർ സ്ഥാപിക്കും

വയോജന സൗഹൃദ ബജറ്റ്
വയോജന സംരക്ഷണത്തിന് ഇത് എൽഡേർലി ബജറ്റ് എന്ന് ധനമന്ത്രി

വയനാട്ടിൽ ദുരന്ത ബാധിതർക്ക് വീടായി
വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് അടുത്ത മാസം ആദ്യ വാരം നൽകും

ഓണറേറിയം കൂട്ടി
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി

തനത് നികുതി, നികുതിയേതര വരുമാനത്തിൽ വർധന
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തനത് നികുതി, നികുതിയേതര വരുമാനത്തിൽ വർധന ഉണ്ടായതായി കെ എൻ ബാലഗോപാൽ. തനത് നികുതി, നികുതിയേതര വരുമാനമായി 1,52,645 കോടി രൂപ അഞ്ചുവർഷം കൊണ്ട് അധികമായി പിരിച്ചെടുക്കാൻ സാധിച്ചതായും ബജറ്റ് പ്രസംഗത്തിൽ കെ എൻ ബാലഗോപാൽ പറഞ്ഞു.

1,27, 747 കോടിയുടെ അധിക വരുമാനമാണ് തനത് നികുതി വരുമാനത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ സാധിച്ചത്. 2016-2021 വരെ പ്രതിവർഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം ശരാശരി തനത് നികുതി വരുമാനം 73,002 കോടിയായി ഉയർന്നു. ശരാശരി തനത് നികുതി വരുമാനം ഇനിയും ഉയരും. കേന്ദ്ര അവഗണനയ്ക്കിടയിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ഈ വരുമാന വർധന വഴിയാണ്. ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് ഇതാണെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.


ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി
എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെൻഷനിൽ 16 ലക്ഷം പേർ ചേർന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കി. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ ആയിരം രൂപയുടെയും ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെയും വർധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തിൽ ആയിരം രൂപയുടെ വർധന വരുത്തിയതായും കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.

ആർആർടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും
'തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർആർടിഎസ് ആണ് വരുന്നത്. ഏത് പേരായാലും തിരുവനന്തപുരം മുതൽ കാസർകോട് വരെ നമുക്കും നമ്മുടെ സഹോദരങ്ങൾക്കും അടുത്ത തലമുറയ്ക്കും വേഗത്തിൽ പോണം.

അത് ഉണ്ടാവണം. വേഗത്തിൽ സംസ്ഥാനത്തെ കൺക്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആർആർടിഎസും റെയിൽവേയും തമ്മിൽ ബന്ധമില്ല.

 ഇത് മെട്രോയിലും പോകും.ഡൽഹി- മീററ്റ് ആർആർടിഎസ് പോലെയാണ് ഇവിടെയും വരിക. ഡൽഹിയിൽ നിന്ന് മെട്രോയിൽ പോകും. ആ പാളം തന്നെ ഉപയോഗിച്ച് നീട്ടി മീററ്റിൽ ചെല്ലും. മീററ്റിൽ ചെന്നാൽ അവിടെയുള്ള പാളം ഉപയോഗിക്കും. മൊബിലിറ്റിയാണ് പ്രധാനം.

കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോയുടെയും പാളം ഉപയോഗിക്കും. ഇവിടെ പുതുതായി നിർമ്മാണം വേണ്ടി വരില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഒരാൾക്ക് കൊച്ചി മെട്രോ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിൽ എത്താൻ സാധിക്കും'- ബാലഗോപാൽ പറഞ്ഞു.

സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന ബജറ്റ്

പറയുന്ന കാര്യം ചെയ്യുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ ചെയ്ത് തീർക്കാൻ കഴിയുന്ന പ്രായോഗികമായ ബജറ്റാണ് അവതരിപ്പിക്കുക. സാമ്പത്തിക വശമെല്ലാം കണ്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കുക. സ്വപ്‌ന ബജറ്റ് ആയിരിക്കില്ലെന്നും ബാലഗോപാൽ പറഞ്ഞു. .

തീർഥാടന റോഡ് വികസനം
പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി

പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ 
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു

അലവൻസ് വർധിപ്പിച്ചു
ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു

പത്രപ്രവർത്തക പെൻഷൻ
പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു

കൊച്ചി മെട്രോ
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത
കട്ടപ്പന മുതൽ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി

ഉന്നത വിദ്യാഭ്യാസം സൗജന്യം
ആർട്‌സ് ആന്റ് സയൻസ് കോളജുകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

ശബരിമല മാസ്റ്റർ പ്ലാൻ
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീൻ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.

   ഡി എ കുടിശ്ശിക തീര്‍ക്കും

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കും

12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു

12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. സമയബന്ധിതമായി നടപ്പിലാക്കും