/kalakaumudi/media/media_files/2026/01/19/cashew-2026-01-19-18-17-47.jpg)
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നിരാകരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു തവണ കൂടി തെറ്റ് തിരുത്താന്‍ അവസരം നല്‍കിയതാണെന്നും എന്നിട്ടും പഴയ അവസ്ഥയിലാണ് സര്‍ക്കാരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റേത് കോടതിയോടുള്ള അനാദരവാണെന്നും കോടതിയലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാനുള്ള അധികാരം കോടതിക്ക് ലഭിക്കണമെന്നും ഇതിനായി നിയമഭേദഗതി ഉണ്ടാകണമെന്നും അഴിമതി അവസാനിക്കാനുള്ള പരിഹാരം അതുമാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍ , മുന്‍ എം ഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകനായ മനോജ് കടകമ്പള്ളി സമര്‍പ്പിച്ച ഹര്‍ജിയെത്തിയത്. കോടതിയലക്ഷ്യ ഹര്‍ജിയാണ് നല്‍കിയത്. ഈ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുന്നതില്‍ ഹൈക്കോടതി നേരത്തെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഇല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി അടുത്തയിടെ ചോദിച്ചിരുന്നു.
അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ അഴിമതിക്കസിലെ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് ചോദിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ രേഖപ്പെടുത്തേണ്ടതായിവരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിബിഐ കുറ്റകാരെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
