/kalakaumudi/media/media_files/2025/09/09/secra-2025-09-09-16-14-53.jpg)
ന്യൂഡല്‍ഹി: നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേരളം. ദന്തഗോപുരങ്ങളില്‍ വസിച്ച് മാസങ്ങളെടുത്തല്ല നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്നും കേരളം കോടതിയില്‍ അഭിപ്രായപ്പെട്ടു.
ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഫയല്‍ ചെയ്ത റെഫറന്‍സിന്റ വാദം കേള്‍ക്കലിനിടെയാണ് കേരളം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നിയമനിര്‍മ്മാണ സഭയുടെ ഭാഗമാണ് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ സഭ പാസ്സാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ ഗവര്‍ണര്‍ക്കും ഉള്ളതാണ്. ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യത ഉണ്ടെന്നും കേരളത്തിനെ പ്രതിനിധീകരിച്ച് കെ കെ വേണുഗോപാല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ശത്രുത മനോഭാവത്തിലല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളുടെ ഇഛയ്ക്ക് അനുസരിച്ചാവണം പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിയമ നിര്‍മ്മാണ സഭകള്‍ ഉണ്ട്. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തില്‍ ഇരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ പാസ്സാക്കുന്ന ബില്ലുകളില്‍ സംശയം ഉണ്ടാകുമ്പോള്‍ ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ആ രീതിയാണ് ഗവര്‍ണമാര്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പണ ബില്ല് പോലും തീരുമാനം എടുക്കാതെ മാസങ്ങളോളം പിടിച്ച് വച്ചതായി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സീനിയര്‍ അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി, സീനിയര്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി മനു, അഭിഭാഷക മീന കെ പൗലോസ്
എന്നിവര്‍ ഹാജരായി. രാഷ്ട്രപതിയുടെ റെഫറന്‍സ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്