/kalakaumudi/media/media_files/2025/07/18/reel-2025-07-18-22-07-03.jpg)
ന്യൂഡല്‍ഹി : പുലരിക്കിണ്ണം പൊന്നില്‍ മുക്കിയതാരാണോ എന്ന സിനിമാ പാട്ടിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നൃത്തം ചെയ്യുന്ന റീല്‍സ് കൗതുകമാകുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കല്ലിയൂരാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള റീല്‍സ് പോസ്റ്റ് ചെയ്തത്.
'നിര്‍ത്ത് നിര്‍ത്ത് ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈന്‍ ചെയ്യേണ്ട, എന്നെപോലെ സാധാരണക്കാര്‍ക്കും പാടാന്‍ പറ്റുന്ന പാട്ട് പാടിയാ മതി...' എന്ന ശ്രീനിവാസന്റെ ഹിറ്റ് സംഭാഷണത്തോടെയാണ് റീല്‍സ് ആരംഭിക്കുന്നത്. 'ഒരു കൈയബദ്ധം, പ്ലീസ് നാറ്റിക്കരുത്, ഷമിഷ് ബേഗു' എന്ന കുറിപ്പോടെയാണ് അനില്‍ കല്ലിയൂര്‍ റീല്‍സ് പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനീഷ്, അഭിരാം, ഷഫീക്ക്, ഷബീര്‍, നസീര്‍, ഷൈജു, സജു എന്നിവരാണ് റീല്‍സില്‍ നൃത്തം ചെയ്യുന്നത്.
മുഖ്യമന്ത്രി എത്തുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ റീല്‍സ് ചിത്രീകരിച്ചത്. ഇന്ത്യ ഗേറ്റ് കാണാന്‍ ഇറങ്ങിയപ്പോഴായിരുന്നു ഡാന്‍സ്. യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ് ഡല്‍ഹിയിലേക്ക് പോയത്.