/kalakaumudi/media/media_files/2025/02/04/uKC9r836xqZs3UHEItY1.jpg)
V P Joy
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറല്‍ ഓഫീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തല്‍. പൊതുഭരണവകുപ്പില്‍ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.
ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്മാന് ആയി പ്രവര്‍ത്തിക്കുകയാണ് വി പി ജോയ്. ഓള്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ച ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണം എന്നാണ് ചട്ടം.
എന്നാല്‍ പുതിയ ജോലിയില്‍ അലവന്‍സുകള്‍ക്ക് പുറമെ 2. 25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 112500 രൂപ പെന്‍ഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എ ജി കണ്ടെത്തല്‍.
പുനര്‍നിയമനം നേടുന്നവര്‍ക്ക് ക്ഷാമാശ്വാസം കൈപ്പറ്റാന്‍ അര്‍ഹത ഇല്ല. എന്നാല്‍ പുതിയ ജോലിയില്‍ പ്രതി മാസം 51750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി. ഇത് പെന്‍ഷനൊപ്പം വാങ്ങുന്ന ക്ഷമ ബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ അനധികൃതമായി 19. 37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എ ജി കണ്ടെത്തി. ഇതേപ്പറ്റി വ്യക്തമായ വിശദീകരണം ജി എ ഡി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.