/kalakaumudi/media/media_files/2025/01/17/Q0UKSg8xv5LoZ0bH7fJM.jpg)
pinarayi-vijayan
തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. മുതിര്‍ന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭ മുതിര്‍ന്ന പൗരന്മാര്‍ക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജര്‍ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്‍കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവര്‍ തനിച്ചായി പോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആയിരത്തിയറുന്നൂറ് രൂപാ നിരക്കില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭ്യമാക്കിവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ പെന്‍ഷനര്‍ഹതയുള്ള എല്ലാവര്‍ക്കും മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നു. ഇതാണ് മുതിര്‍ന്ന പൗരരോടുള്ള കേരള സര്‍ക്കാരിന്റെ കരുതലെന്നും മുഖ്യമന്ത്രി.മുതിര്‍ന്ന പൗരരുടെ വിവിധ തരം പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
ഭാരതീയ ചികിത്സാ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവര്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സയും സാന്ത്വന പരിചരണവും നല്‍കുന്ന വയോഅമൃതം പദ്ധതി അതില്‍ ഒന്നാണ്. അതുപോലെ മുതിര്‍ന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈന്‍. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍, സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ന്യൂറോളജിസ്റ്റ് ഡോ. കെ രാജാശേഖരന്‍ നായര്‍, നടന്‍ മധു, സംഗീതജ്ഞന്‍ പി ആര്‍ കുമാര കേരള വര്‍മ്മ, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പത്മിനി തോമസ് എന്നിവരാണ് നഗരരത്ന പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, എ എ റഹീം എം.പി., വി കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.