തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍കൊണ്ട് കേരളത്തിലേക്ക് പുതിയ നിക്ഷേപമൊന്നും എത്തിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ മറുപടി. വിദേശയാത്രകളിലൂടെ കോടികളുടെ വ്യാവസായ നിക്ഷേപത്തിന് വഴിയൊരുങ്ങിയെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
2016 മുതല്‍ 2025 വരെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളിലൂടെ നടത്തിയ നേട്ടങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണകൊറിയ, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അമേരിക്കയിലേക്കുള്ള യാത്ര ചികിത്സാവശ്യമായിരുന്നു. മറ്റുള്ളവയെല്ലാം നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ചില രാജ്യങ്ങളില്‍ റോഡ് ഷോ, വ്യവസായസംഗമം എന്നിവയും സംഘടിപ്പിച്ചിരുന്നു. യാത്രയുടെ അടിസ്ഥാനത്തില്‍ ഒരു ധാരണാപത്രവും ഒപ്പിട്ടിട്ടില്ലെന്ന് കെഎസ്ഐഡിസി അറിയിച്ചു.
വ്യവസായ വികസന കേന്ദ്രം പങ്കാളിയായാണ് ഇത്തരം ധാരണാപത്രങ്ങള്‍ ഒപ്പിടുക. താത്പര്യപത്രവും ഒപ്പിട്ടിട്ടില്ല. നോര്‍വേയിലെ ഒരു കമ്പനി 150 കോടി നിക്ഷേപിക്കും, ഹിന്ദുജ ഗ്രൂപ്പ് കോടികള്‍ നിക്ഷേപിക്കാന്‍ ധാരണയായി, ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നുമായി 300 കോടിയുടെ നിക്ഷേപം വരും, യുഎഇ സര്‍ക്കാര്‍ 500 കോടി നിക്ഷേപിക്കും എന്നൊക്കെയായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.