/kalakaumudi/media/media_files/2026/02/01/green-news-2026-02-01-22-12-04.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ആവേശപ്പോരാട്ടത്തിന്റെ ആരവങ്ങള്‍ക്കിടെ കല്ലുകടിയായി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. അന്താരാഷ്ട്ര മത്സരത്തിന് ആതിഥ്യം വഹിക്കുമ്പോഴും സ്‌റ്റേഡിയത്തില്‍ കുടിവെള്ളം ഉള്‍പ്പെടെയുളള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാത്ത കെസിഎയുടെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം.
പുറത്തുനിന്ന് വെള്ളം സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല. കാപ്പിയും ചായയും ശീതളപാനീയങ്ങളും ലഘുഭക്ഷണവും യഥേഷ്ടം ലഭ്യമാക്കിയിരുന്നെങ്കിലും കുടിവെളളം ഈ സ്റ്റാളുകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിമര്‍ശനം. വെള്ളത്തിനായി സ്റ്റേഡിയം മുഴുവന്‍ ചുറ്റിനടക്കേണ്ടി വന്നതായും പരാതി. മാത്രമല്ല, വെളളത്തിന് വലിയ വിലയും ഈടാക്കി. 20 രൂപയുടെ കുപ്പിവെളളത്തിന് 200 രൂപയോളം നല്‍കേണ്ടി വന്നു. കുടിവെളള സൗകര്യങ്ങള്‍ക്കടുത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ശൗചാലയങ്ങളുടെ വൃത്തിഹീനതയും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചെളിയും ദുര്‍ഗന്ധവും നിറഞ്ഞതായിരുന്നു ശൗചാലയങ്ങള്‍. കേരളം സാമൂഹികമായി മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും അധികൃതരുടെ കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
മത്സരം കാണാനായി 1200 രൂപ മുടക്കി ടിക്കറ്റെടുത്താണ് ക്രിക്കറ്റ് പ്രേമികള്‍ എത്തിയത്. സംസ്ഥാനത്തിന്റെയും തലസ്ഥാന നഗരത്തിന്റെയും യശ്ശസ് ഉയര്‍ത്തുന്ന ഒരു അന്താരാഷ്ട്ര മത്സരത്തെ വരവേല്‍ക്കുന്നതില്‍ കെസിഎ കാട്ടിയ അലംഭാവം നീതീകരിക്കാനാവാത്തതാണെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഭാവിയില്‍ ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
